top of page

പ്രവാസത്തിലെ കാണാക്കുരുക്കുകൾ

  • Writer: Azeef Kabeer
    Azeef Kabeer
  • Dec 10, 2022
  • 2 min read

Updated: Dec 21, 2022

കേരളത്തിന്റെ സമ്പദ്ഘടനയുടെ നിലവാരത്തെ പറ്റി ചർച്ചക്ക് വരുമ്പോളൊക്കെ തന്നെ ഉയർത്തിപ്പിടിക്കാറുള്ള ഒരു ഘടകമാണ് മലയാളിയുടെ പ്രവാസ ശീലം. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ

പ്രത്യേകതകളേക്കാൾ , മലയാളിയുടെ വിദ്യാഭ്യാസ നിലവാരവും ചിന്ത ശീലവും , ദുർഘട സാഹചര്യങ്ങളോട് എളുപ്പം പൊരുത്തപ്പെടാനും അതി ജീവിക്കാനുമുള്ള ഒരു കഴിവുമാണ് അവനെ പ്രവാസ ജീവി എന്ന വിളിപ്പേരിനർഹനാക്കുന്നത്.

തൊണ്ണൂറുകളിലെ ഗൾഫ് പ്രവാസത്തിന്റെ ഒഴുക്ക് ഏതാണ്ട് നിലയ്ക്കുകയോ, അല്ലെങ്കിൽ ഗണ്യമായ നിലയിൽ കുറയുകയോ ചെയ്ത ശേഷം ഇക്കഴിഞ്ഞ പത്തുകൊല്ലത്തിൽ ശക്തിപ്പെട്ടതാണ് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും , ( പ്രത്യേകിച്ച് ക്യാനഡയിലേക്ക്) കേരളത്തിലെ യുവ തലമുറയുടെ പലായനം. ഭാരതത്തിൽ മാറി വരുന്ന രാഷ്ട്രീയ നിലപാടുകളും ചില നയങ്ങളും അതിനെ കൂടുതൽ ശക്തിപ്പെടുത്തുകയാണ് ചെയ്തു വരുന്നത്.

ക്യാനഡയിൽ ഇപ്പോൾ നിലവിലുള്ള കുടിയേറ്റ നിയമങ്ങളുടെ സുതാര്യതയും , കുടിയേറ്റക്കാരെ ഹൃദയംഗങ്ങ മായി സ്വീകരിക്കുന്ന രാഷ്ട്രീയ പഴ്ച്ചാത്തലവും , വികസിത രാജ്യമെന്ന നിലയിലുള്ള ഉയർന്ന ജീവിത നിലവാരവും തന്നെയാണ് കേരളത്തിലെ യുവ തലമുറയെ പെട്ടെന്നൊരു പറിച്ചു നടലിനു പ്രേരിപ്പിക്കുന്ന മുഖ്യ ഘടകങ്ങൾ

കാര്യങ്ങൾ ഇങ്ങനെയിരിക്കെ തന്നെ ചില നെല്ലും പതിരുകളും വേർതിരിക്കാൻ നമുക്കായാൽ, വരും പ്രവാസത്തിനായ് തയ്യാറെടുക്കുന്നവർക്കുതകുമെന്നു കരുതുന്നു.


നിലവിലുള്ള അനുകൂല സാഹചര്യങ്ങൾ കാരണം ലോകമെമ്പാടുമുള്ള മറ്റു പല രാജ്യങ്ങളിലെയും പൗരന്മാരുടെ ഒരു അന്തിമ താവളമായി ക്യാനഡ മാറിക്കഴിഞ്ഞു , മാത്രവുമല്ല സംഘർഷങ്ങളോ രാഷ്ട്രീയ പ്രതിസന്ധികളോ നിലനിൽക്കുന്ന രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ അഭയാർഥികളായി സ്വീകരിക്കുന്ന രാജ്യങ്ങളിൽ മുൻ പന്തിയിൽ ആണ് ക്യാനഡ. അത് കൊണ്ട് തന്നെ ഇവിടെ വൈവിധ്യത അതിന്റെ ഉച്ചസ്ഥായിൽ തന്നെ അനുഭവിച്ചറിയാം.പലവിധ സംസ്കാര സങ്കലത്തിന്റെ ഗുണദോഷങ്ങൾ ഒക്കെയും ഇവിടെയും പ്രത്യക്ഷത്തിൽ അനുഭവപ്പെട്ടേക്കാം.

അധ്വാനിക്കാൻ മനസ്സുള്ള , ചുറുചുറുക്ക് കൈ മുതലായുള്ള ഏതൊരാളെയും സംബന്ധിച്ച് കനേഡിയൻ പ്രവാസം എന്നതൊരു തുറന്ന കവാടമാകുന്നത് ഏതൊരു തൊഴിലും മറ്റൊരു തൊഴിലിനോടും തുല്യമായ മാന്യതയിൽ , നിശ്ചിത കുറഞ്ഞ വേതനം ഉറപ്പു വരുത്തുന്ന തൊഴിലിടങ്ങളിൽ ചെയ്തു പോരാം എന്ന പ്രയോഗികതയിൽ ഊന്നി തന്നെയാണ്.

ചുവപ്പു നാടകളില്ലാത്ത , രാഷ്ട്രീയ ദല്ലാൾമാരുടെ ഇടപെടലുകളില്ലാത്ത , പുരോഗമനാശയങ്ങൾ ഉൾകൊള്ളുന്ന ഒരു സമൂഹമെന്നത് ഒരു പരിധി വരെ യാഥാർഥ്യമായി കാണുമ്പോൾ അങ്ങനെ ഒരു സിസ്റ്റത്തിലേക്കു ആകര്ഷിക്കപെടുന്നതിൽ അതിശയോക്തിയൊട്ടുമില്ല താനും

സൗജന്യ വിദ്യാഭ്യാസവും സർക്കാർ ഏറ്റെടുത്ത വൈദ്യ സഹായവും ഉൾപ്പടെ അടിസ്ഥാന സൗകര്യങ്ങൾ ഇതിലേക്ക് കൂട്ടി ചേർക്കാവുന്നതാണ്. മുതിർന്ന പൗരന്മാരോടും ഭിന്ന ശേഷിക്കാർ ഉൾപ്പടെ സമൂഹത്തിൽ പാർശ്വവർക്കരിക്കപ്പെട്ടവരോടും ഉള്ള നയങ്ങൾ , പരിഗണനകൾ തീർച്ചയായും ശ്ലാഘനീയവും മാതൃകാപരവും ആണ് . കുട്ടികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ സർക്കാർ കുടുംബങ്ങൾക്ക് നൽകി വരുന്ന ചൈൽഡ് ബെനഫിറ്റ് , നിർബന്ധിത വിദ്യാഭാസം , പാർക്കുകൾ , സ്കോളുകളിലെ സൗകര്യങ്ങൾ എന്നിവയും കൂട്ടി വായിക്കാവുന്നതാണ്

ഇക്കാരണങ്ങൾ ഒക്കെ മുൻപന്തിയിൽ നിരത്തുമ്പോഴും മറ്റു ചില അനുബന്ധ ഘടകങ്ങളെ അവഗണിക്കുവാൻ സാധ്യമല്ല. ജോലി സാധ്യതയുടെ മറു വശമായ ജോലിയുടെ അസ്ഥിരത ഒരു ഡെമോക്ലിസിന്റെ വാള് പോലെ ഒരു ഓര്മപെടുതലായി നിലകൊള്ളുന്നു. മിക്ക തൊഴിൽ ശൃംഖലകളിലെയും സിംഹഭാഗം വരുന്ന പങ്കാളിത്തം കയ്യാളുന്നത് സ്വകാര്യ മേഖലയാണ്. രണ്ടാഴ്ച എന്ന നോട്ടീസ് കാലാവധി നൽകി പലപ്പോഴും തൊളിലാളികളെ പിരിച്ചു വിടുന്ന പ്രവണത മറ്റു പലയിടത്തും പോലെ ഇവിടെയും നിൽ നിൽക്കുന്നു.

അത് കൊണ്ട് തന്നെ ദീർഘ കാലം ഒരേ ജോലി ചെയ്തു കഴിഞ്ഞു കൂടുന്ന മലയാളി ശീലങ്ങൾ അല്പം മാറ്റി വെക്കേണ്ടതുണ്ട്. പരിഷ്‌കരിച്ച രീതികളും കഴിവുകളെയും ഉൾക്കൊണ്ട് വേണം തന്നെ മുമ്പോട്ടു പോകുവാൻ

ഇനി സൗജന്യ വിദ്യാഭ്യാസം എന്നതു പ്രായോഗിക തലത്തിൽ ചിലപ്പോൾ ദീർഘമായ കാത്തിരിപ്പിനും , എമർജൻസി സിറ്റുവേഷൻ അല്ലെങ്കിൽ അർഹിക്കുന്ന വൈദ്യ പരിഗണന ദുര്ലഭമാകുന്നതും ഇപ്പോൾ കൂടി വരുന്നുണ്ട് എന്നതും കണ്ടില്ലെന്നു നടിക്കാനാവില്ല.


ഇനി സൗജന്യ വിദ്യാഭ്യാസം എന്നതു പ്രായോഗിക തലത്തിൽ ചിലപ്പോൾ ദീർഘമായ കാത്തിരിപ്പിനും , എമർജൻസി സിറ്റുവേഷൻ അല്ലെങ്കിൽ അർഹിക്കുന്ന വൈദ്യ പരിഗണന ദുര്ലഭമാകുന്നതും ഇപ്പോൾ കൂടി വരുന്നുണ്ട് എന്നതും കണ്ടില്ലെന്നു നടിക്കാനാവില്ല. നമ്മുടെ വരുമാനത്തിൽ വലിയൊരു ശതമാനവും നികുതിയിനത്തിലേക്കു അടക്കുന്നുണ്ട് എന്നതിതിനോട് കൂടി വായിക്കണം.

പുതു തലമുറ ഇങ്ങനെ അപ്പാടെ കുടിയേറിപ്പാർക്കുമ്പോൾ കേരളത്തിന്റെ സാമൂഹിക സ്ഥിതിയിലുണ്ടാക്കുന്ന ചില അഭിലഷണീയങ്ങളല്ലാത്ത മാറ്റങ്ങളും ഇതിൽ ചേർക്കേണ്ടി വരുന്നുണ്ട്. വീടുകളിൽ ഒറ്റയ്ക്കാവുന്ന മുതിർന്ന പൗരന്മാരും അനുബന്ധ പ്രശനങ്ങളും കൂടെ കണക്കിലെടുക്കേണ്ടി വരും.

അത് കൊണ്ട് തന്നെ കനേഡിയൻ പ്രവാസമെന്നത് ഓരോ വ്യക്തിക്കും അവരുടെ സാഹചര്യങ്ങൾ വെച്ച് ആപേക്ഷിമായി വിലയിരുത്താവുന്നതാണ്. ഒരു തലമുറയെ വാർത്തെടുക്കാൻ ഉതകുന്ന രാജ്യമാണ് ക്യാനഡയെങ്കിലും മാറി വരുന്ന സാമൂഹിക അന്തരീക്ഷങ്ങളും വ്യക്തിപരമായ സാഹചര്യങ്ങളും അപഗ്രഥിച്ചു വേണം മുമ്പോട്ടുള്ള ഓരോ ചുവടും വെക്കാൻ എന്നോർമപെടുത്തിക്കൊണ്ടു ഈ കുറിപ്പ് സമാപിക്കുന്നു.


അസീഫ് കബീർ

댓글 1개


Soumya Sachin
Soumya Sachin
2022년 12월 21일

Well written with some relevant points ❤️

좋아요

©2018 by Malayali Muslim Association of Canada (MMAC)

bottom of page