top of page
Writer's pictureCommunity Author

അറിയാത്ത ഭൂഖണ്ഡങ്ങളിലേക്കുള്ള യാത്ര - ഭാഗം 2

എഴുത്തുകാരനഉം സാമൂഹ്യ പ്രവർത്തകനുമായ എൻ.പി. ഹാഫിസ് മുഹമ്മദ് എഴുതുന്ന കനേഡിയൻ വിശേഷങ്ങൾ




സൗഹൃദത്തിന്റെ നറുപുഞ്ചിരി

---------------------------------------------------

ടോറന്റോവിനു, കാനഡയ്ക്ക് പൊതുവെ ഒരു സൗഹൃദ ഭാവം ഇപ്പോഴും പ്രകാശിക്കുന്നുണ്ട്. തെരുവിലും സ്ബ്‌വേയിലും മെട്രോസ്റ്റേഷനിലും ഷോപ്പുകളിലും റോഡുകളിലും പരസ്പരാദരവിന്റെ നറുമണമുണ്ട്. യാരി താമസിച്ചതിനോട് ചേർന്ന് വലിയൊരു ശ്മാശനമുണ്ടായിരുന്നു. യോർക്ക് സെമട്രി. മഞ്ഞും ചെടികളും മൂടിക്കിടക്കുന്ന ശ്‌മശാനത്തിൽ ഞാനും തായിയും നടക്കാൻ പോകുമായിരുന്നു. അതൊരു ശാന്തിവനമാണ്.പിരിഞ്ഞു പോയവരെയോർത്തുള്ള ദുഃഖം തടം കെട്ടിക്കിടക്കുന്നുവെങ്കിലും, ശ്മാശാനത്തിനൊരു മൗനശാന്തിയുണ്ടായിരുന്നു. പിതൃതർപ്പണത്തിനായി പൂച്ചെണ്ടുകളുമായി അവിടെയെത്തുന്നവർ അവരുടെ പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ സങ്കടപ്പെടുന്ന നിമിഷമായിട്ടു പോലും, പുഞ്ചിരിയോടെ അഭിവാദനം നടത്തുമായിരുന്നു. കൗതുകത്തോടെ കുശലാന്വേഷണം നടത്തുമായിരുന്നു. ശ്‌മശാനത്തിലെ ഞങ്ങൾക്കറിയാത്ത അനേകം പേരുടെ സ്മാരകശിലകൾ നോക്കി, അതിലെ കൊത്തുപണികളും അകാരഭംഗിയും നോക്കി, നടക്കുമ്പോൾ അവർ ഏതോ ജന്മത്തിൽ കണ്ടുമുട്ടിയവരെന്ന മട്ടിൽ പെരുമാറുമായിരുന്നു. കാനഡയിലെ ജനങ്ങൾക്ക് അതിരുകളില്ലാത്ത ഒരു സ്വീകരണ മനസ്സുണ്ട്. ആരെയും സഹായിക്കുന്ന ഒരു സൗഹൃദ ഭാവമുണ്ട്. ഒരിക്കൽ നോർത്ത് യോർക്കിലെ പാതാളവഴിയിലൂടെ ഞാനും തായിയും നടക്കുകയായിരുന്നു. മുന്നിലൊരു വൃദ്ധ. ദൂരെനിന്നേ ഞങ്ങൾ കണ്ടു. അവർ പിന്നോട്ട് നോക്കി പുഞ്ചിരിച്ചത് ഞാൻ കണ്ടതാണ്.കുറച്ചു കഴിഞ്ഞു, മുന്നിലൊരു ചില്ലുവാതിൽ വന്നപ്പോൾ അത് തള്ളി അകത്തു കേറി, വാതിലടക്കാതെ ഞങ്ങളെ നോക്കി നിൽക്കുന്നു. ഞങ്ങൾക്ക് വേണ്ടി വാതില്തുറന്നു വെച്ച് മൗനം പറയുന്നു: വെൽകം. പുഞ്ചിരിക്കുന്ന മുഖത്തെ ചുളിവുകളിൽനിന്ന് അവരുടെ പ്രായം എനിക്കളക്കാനാവും. എന്റെ മുത്തശശിയാകാനുള്ള പ്രായം, ഒരു വൃക്ഷത്തിന്റെ തടിയിൽ എണ്ണിയെടുത്തു കാലനിർണ്ണയം നടത്തുന്നത് പോലെ ഞാനവരിൽ കണ്ടു.സഹജീവികളോട് വെച്ച് പുലർത്തുന്ന ഈ സഹജഭാവം കാനഡയുടെ മുഖമുദ്രയാണ്. വംശീയതയുടെയോ സാമുദായികതയുടെയോ വിഭജനമോ വിവേചനമോ അവരുടെ മുഖത്ത് കാണാനില്ല. സബ്‌വേയിൽ വെച്ചും ട്രെയിനിൽ വെച്ചും ആരും അവരുടെ മാതൃഭാഷയിൽ ഭയലേശമന്യേ, അഭിമാനത്തോടെ സംസാരിക്കുവാനുള്ള അനുകൂലമായ ചുറ്റുവട്ടം അമേരിക്കയിലോ യുറോപ്പിലോ ഞാൻ കണ്ടിട്ടില്ല. മാനുഷികതയുടെ സുഗന്ധം കാനഡയിലെ പൊതുഇടങ്ങൾക്ക് ഉണ്ട്. ഉറപ്പ്.


ടൊറൊന്റോ മുസ്ലിം മലയാളികൾ

-------------------------------------------------------

ടൊറൊന്റോയിലെ മുസ്ലിം മലയാളി സമൂഹത്തിന് സജീവമായ ഒരു വേദിയുണ്ട്. മർച്ചന്റ് അസോസിയേഷൻ. ബിസിനസ്സുകാരനായ സജീബ് ക്ഷണിച്ച് ഒരൊത്തുചേരലിൽ പങ്കെടുക്കാനായി. ശേഖ് അഹമ്മദ് കുട്ടിയെന്ന പ്രഗത്ഭ മുസ്ലിം വ്യക്തിത്വത്തിന്റെ മഹിമ അറിയാനായ ഒരു വേദികൂടിയായിരുന്നു അത്. ഇസ്ലാമിക് ഇൻസ്റ്റിട്യൂട്ട് ഓഫ് ടൊറൊന്റോയിലെ ഡയറക്ടറാണദ്ദേഹം. ആഴമുള്ള ചിന്തകൊണ്ടും ആധുനികമായ അപഗ്രഥനം കൊണ്ടും വിസ്മയിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചില പ്രഭാഷണങ്ങൾ കൊച്ചുവിന്റെ സുഹൃത്ത് ഫിറോസ് ഉസ്മാൻ അയച്ചു തന്നിരുന്നു. ഫിറോസ് മർച്ചന്റ് അസ്സോസിയേഷൻ പ്രവർത്തനത്തിൽ നേതൃത്വത്തിൽ ഉണ്ടായിരുന്നു. സ്ത്രീകൾ സജീവമായും ഗൗരവത്തോടെയും പ്രവർത്തിക്കുന്നു. അത്രയോളം ഫലപ്രദമായ ഇടപെടൽ നടത്തുന്ന കേരളീയ മുസ്ലിം വനിതകളുടെ സംഘത്തെ ഞാൻ ഒരു വിദേശത്തും കണ്ടിട്ടില്ല.സ്ത്രീകൾക്ക് മാത്രമുള്ള ഒത്തുചേരലുകൾ, ചർച്ചകൾ, കുട്ടികൾക്കായി ശില്പശാലകൾ. സ്ത്രീകളാണിതിനൊക്കെയും നേതൃത്വം കൊടുത്തിരുന്നത് എന്നത് സമൂഹ ശാസ്ത്രവായന നടത്തുന്ന എന്നെ വല്ലാതെ അത്ഭുതപ്പെടുത്തിയിരുന്നു. ഒത്തുചേരലിൽ, സമീപനാളുകളിൽ ടോറോന്റോയിലെത്തുന്നവരെ സ്വാഗതം ചെയ്യുകയും പരിചയപ്പെടാൻ അവസരമുണ്ടാക്കുകയും ചെയ്തിരുന്നു.അപരിചിതമായ ഒരിടത്ത്, ഭൂമിശാസ്ത്രപരമായ് പോലും വേറിട്ടൊരിടത്ത്, എത്തിച്ചേരുന്ന ചെറുപ്പക്കാർക്ക് ആശ്വാസത്തിന്റെ ഒരു തൂവൽസ്പർശമായിരിക്കും പുതുമക്കാർ അത്തരം സന്ദര്ഭങ്ങളിലനുഭവിക്കുക.എന്റെ പരിചയത്തിൽ ഇങ്ങനെയുള്ള ഹൃദ്യമായ സ്വീകരണം പുതുമക്കാർക്ക് മറ്റൊരിടത്ത് നൽകുന്നുണ്ടോ എന്നെനിക്കറിയില്ല.

അപരിചിതമെന്നുറപ്പുള്ള കാനഡയിലെത്തിയ എനിക്കും തായിക്കും ഊഷ്മളമായ സ്വീകരണമാണ് കിട്ടിയത്. ഫിറോസ് ഉസ്‌മാനായിരുന്നു ഞങ്ങളുടെ കാനേഡിയൻ സ്പോൺസർ. കൊച്ചുവിനും യാരിക്കും ക്ഷണിതാവാകാനുള്ള ഔദ്യോഗികരേഖകളായിട്ടില്ലായിരുന്നു.ഫിറോസിന്റെ കടലാസിൽ ഞങ്ങൾ അണ്കളും ആന്റിയും ആയിരുന്നു. ഫിറോസാണ് പിയേഴ്‌സൺ എയർപോർട്ടിൽ സ്വീകരിക്കാനും കൊച്ചുവിനൊപ്പം എത്തിയിരുന്നത്. ഫിറോസും ഭാര്യ ഷിജിയും വീട്ടിൽ ഹാർദ്ദവമായ ഒരു സ്വീകരണം തന്നിരുന്നു. പൂർണ്ണ ഗര്ഭിണിയായിരിക്കുമ്പോഴാണ് ഷിജിയും കൂട്ടുകാരും ഗംഭീരമായ ഉച്ചഭക്ഷണമൊരുക്കിയത്. ഒരേ ദേശക്കാരായ എനിക്ക് നാസറിനെ നാളേറെക്കഴിഞ്ഞു കാണാനാത്

കാനഡയിലെ മിസിസാഗയിൽ വെച്ചായിരുന്നു. ഉപ്പയുടെയും ബാബുരാജിന്റെയുമൊക്കെ അടുത്തസുഹൃത്തായ ബിച്ചാക്കയുടെയുടെ മകനാണ് നാസർ. ആമി എന്റെ സുഹൃത്തിന്റെ ഭാര്യാസഹോദരിയും.ഞങ്ങൾ തെക്കേപ്പുറം അനുഭവങ്ങളന്നു പങ്കുവെച്ചു. മിസിസാഗയിൽ തന്നെയായിരുന്നു എന്റെ അമ്മായിയുടെ മകളുടെ മകൾ നിഷയും ഭർത്താവ് മുസ്തഫയും താമസിച്ചിരുന്നത്.രണ്ടര മാസക്കാലത്തോളമുള്ള കാനേഡിയൻ വാസക്കാലത്തിനിടയ്ക്ക് ഒരേ രക്തത്തെ കണ്ടപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തവിധം ഹൃദ്യമായിരുന്നു.ഞങ്ങളുടെ കുടുംബത്തിൽ എനിക്ക് പിന്നാലെ അദ്ധ്യാപനത്തിലേക്ക് വന്നവളാണ് നിഷ. അമേരിക്കയിൽ ജോലിയെടുക്കുന്ന നാളിൽ നിഷയ്ക്ക് ഒരു കൗണ്ടിയിലെ ഏറ്റവും നല്ല അദ്ധ്യാപികയ്ക്കുള്ള അംഗീകാരം കിട്ടിയിരുന്നു. നിഷയും കുടുംബവും ഞങ്ങൾ താമസിക്കുന്നിടത്ത് സന്ദർശനം നടത്തിയിരുന്നു. രക്തബന്ധം ഈടുറ്റതാക്കുന്നതായിരുന്നു ഞങ്ങളുടെ ഒത്തുചേരലുകൾ. എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളിലൊരാളായ, എനിക്കൊപ്പം നാഷണൽ സർവ്വീസ് സ്‌കീമിൽ നേതൃത്വ നിരയിൽ പ്രവർത്തിച്ച അബ്ദുൽ വാഹിദിനെ കാനഡയിൽ വെച്ച് കണ്ടുമുട്ടുമ്പോൾ, ടൊറൊന്റോയിലെ മലയാളികളുടെ നേതാവായ് കഴിഞ്ഞിരുന്നു. തായിയുടെ സുഹൃത്ത് ജെസ്സിയുടെ സഹോദരി ജോഷ്‌നയും ഭർത്താവ് നാസറും ഞങ്ങളുടെ കാനഡാവാസക്കാലത്തെ അപരിചിതത്വം തീർക്കാൻ കണ്ടുമുട്ടിയിരുന്നു. ഏറെ ദൂരത്ത് പോയാലും പ്രിയപ്പെട്ടവരെവിടെയുമുണ്ടെന്നുള്ള അനുഭവമാണ് ടൊറൊന്റോ ദിനങ്ങൾക്ക് ഈണവും താളവും ഏകിയിരുന്നത്.

സന്ദർശന സൗഭാഗ്യങ്ങൾ

----------------------------------------

കനേഡിയൻ യാത്ര എനിക്ക് വ്യക്തിപരമായി അപ്രതീക്ഷിതമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. നോർത്തയോർക്ക് പബ്ലിക് ലൈബ്രറി എന്റെ പല പകലുകളേയും ധന്യമാക്കിയിരുന്നു.ഏറെ ആകർഷിച്ചത് ലൈബ്രറിയിലെ കുട്ടികളുടെ വിഭാഗമായിരുന്നു. വായിക്കാനും ക്രാഫ്റ്റ് വർക്ക് നടത്താനും, കമ്പ്യൂട്ടർ പഠിക്കാനും, കഥ പറയാനുമൊക്കെ സൗകര്യമുണ്ട്.കുട്ടികൾ ലൈബ്രറിയെ സ്നേഹിക്കുംവിധമാണവിടെ സംവിധാനിച്ചിരിക്കുന്നത്. ഒപ്പം കുട്ടികളുടെ പ്രായവിഭാഗത്തിനനുസരിച്ച് പുസ്തകങ്ങൾ ശേഖരിച്ചിരുന്നു.ഞാനേറെനേരം ചെലവഴിച്ചത് ലൈബ്രറിയിൽ മറ്റൊരിടത്തല്ല. ആയൊരാവേശത്തിൽ കുട്ടികൾക്ക് രണ്ട് രചനകൾ എഴുതിത്തീർക്കാനായി: 'ഒരു അറേബ്യൻ കഥ' എന്ന നോവൽ. 'കൊമ്പനാന ചിത്രം വരയ്‌ക്കുമ്പോൾ' എന്നെ കൊച്ചു കുട്ടികൾക്കുള്ള പുസ്തകം. പൂർത്തീകരിക്കാതെ വെച്ച അഞ്ചു പുസ്തകങ്ങളുടെ പണിതീർത്തതും ഈ സന്ദര്ശനവേളയിലാണ്.അതിനുമപ്പുറം സംഗീതജ്ഞനായ ബാബുരാജിനെക്കുറിച്ചെഴുതുന്ന നോവലിന്റെ പത്ത് അദ്ധ്യായങ്ങൾ എഴുതാനായതും കാനഡയിൽ വെച്ച്. ഈ എഴരഗ്രന്ഥങ്ങളും ഒന്നരമാസം പ്രായമായ എസ്രയേയും കൊണ്ടാണ് ഞങ്ങൾ കുടുംബ സമേതം നാട്ടിലേക്ക് മടങ്ങിയത്. ഇത്ര സമ്പന്നമായ മടക്കയാത്ര എന്റെ ഓർമ്മയിലില്ല.

മൈനസ് പത്തു കഴിഞ്ഞ തണുപ്പ്. യാരിയുടെ ഗര്ഭകാലത്തിന്റെ ഒടുവിലെ ദിനങ്ങൾ, എസ്രയുടെ ജനനം, എസ്രയ്ക്കും യാരിയ്ക്കും ആവശ്യമായ പരിചരണം, ഇതൊക്കെ സന്ദർശനകാലത്തെ ഞങ്ങളുടെ ധർമ്മനിർവ്വഹണമായിരുന്നു. ഇക്കാര്യങ്ങളാൽ യാത്രയ്ക്ക് പരിമിതികളുണ്ടായിരുന്നു. പരിധികളുണ്ടായിരുന്നു. ജനിച്ചയുടനെയുള്ള നാളുകളിലെ കുഞ്ഞിന്റെ ഭാവങ്ങൾക്കും അസ്പഷ്ട ശബ്ദങ്ങൾക്കുമൊപ്പമുള്ള യാത്ര, സമ്പന്നമാവുന്നതിങ്ങനൊക്കെയാണ്. കാനഡയിലേക്കുള്ള യാത്ര, പലതുകൊണ്ടും അറിയാത്ത ഭൂഖണ്ഡങ്ങളിലേക്കുള്ള യാത്രയായിരുന്നു. പ്രിയപ്പെട്ട യാത്രയായിരുന്നു.

13 views0 comments

Comments


bottom of page