ചോറും, കറിയും ഉപ്പേരിയും, പപ്പടവും, അച്ചാറും മേശപ്പുറത്ത് നിരത്തുമ്പോഴാണ് “ഉമ്മാക്ക് വൈറ്റ് ഫുഡ് ഉണ്ടാക്കിയാലെന്താ” എന്ന് ചോദിച്ച് മകനെത്തിയത്. വൈറ്റ് ഫുഡ് ഉണ്ടാക്കാനുള്ള സാധനങ്ങള്‍ ഒന്നും വീട്ടിലില്ലെന്നുള്ള മുടന്തന്‍ ന്യായം പറഞ്ഞ് ഞാന്‍ ഒഴിഞ്ഞുമാറി. തനിച്ച് ഭക്ഷണം കഴിക്കുന്ന പ്രായമായപ്പോഴേക്കും ചോറ് കഴിക്കുന്ന ശീലം മക്കള്‍ ഉപേക്ഷിച്ച മട്ടാണ്. പ്രവാസത്തിലെ ഓരോ കൂട് മാറ്റത്തിലും അതാത് നാടിന്‍റെ ഭക്ഷണ രീതികളുമായി ഞങ്ങളെക്കാള്‍ വേഗത്തില്‍ കുട്ടികളാണ് ഇണങ്ങുന്നത്. കാനഡയില്‍ എത്തിയിട്ടും അങ്ങിനെതന്നെ. കുടിയേറ്റക്കാരുടെ പ്രിയപ്പെട്ട വടക്കേ അമേരിക്കയിലെ ടോറോന്റോ നഗര വീഥികളിലൂടെ നടന്നാല്‍ ഇംഗ്ലീഷ് കൂടാതെ ഇരുന്നോറോളം വ്യത്യസ്ത ഭാഷകള്‍ കേള്‍ക്കാം. ഭാഷ പോലെതന്നെ വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളും സംസ്കാര രീതികളും കൊണ്ട് സമ്പന്നമാണ് ടോറോന്റോ.
കാനേഡിയന്‍ കുടിയേറ്റത്തിന്‍റെ വൈവിധ്യം ആദ്യമായി ഞാനറിയുന്നത് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ ക്രിസ്മസ്സ് ഒഴിവിനു മുന്പായി നടത്തുന്ന “പോട്ട് ലക്ക്” പരിപാടിയിലാണ്. ഓരോരുത്തരും അവരവരുടെ നാട്ടിലെ ഭക്ഷണം ഉണ്ടാക്കി കൊണ്ടുവന്ന്, എല്ലാവരും കൂടെ ഒന്നിച്ചിരുന്ന് കഴിച്ചു സന്തോഷത്തോടെ പുതുവര്‍ഷാശംസകളും നേര്‍ന്നുകൊണ്ട് പിരിയുന്നു. മാംസാഹാരം മാത്രമല്ല ഉള്ളിയും വെളുത്തുള്ളിയും കഴിക്കാത്ത രാജസ്ഥാനിയായ കൂട്ടുകാരിയും ഞാനും ആകെ വിഷമത്തിലായി. ഭക്ഷണം കൊണ്ടുവരുന്നതിലല്ല, മറ്റുള്ളവര്‍ കൊണ്ടുവരുന്നതിലെ ചേരുവകള്‍ അറിയാതെ എങ്ങിനെ കഴിക്കും, കഴിച്ചില്ലെങ്കില്‍ അത് അപമാനിക്കുന്നത് പോലെയാകില്ലേ... അങ്ങിനെയെല്ലാം ആലോചിച്ചപ്പോള്‍ ആ ദിവസം ലീവ് എടുക്കുന്നതാണ് നല്ലത് എന്നുവരെ തോന്നിപോയി. മടിച്ച് മടിച്ചാണ് കനേഡിയന്‍ സുഹൃത്തിനോട് ഞങ്ങളുടെ “കയിച്ചിട്ടു ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും” വയ്യാത്ത അവസ്ഥ അറിയിച്ചത്. “നിങ്ങള്‍ ഭക്ഷണം കൊണ്ട് വരൂ... പ്രശ്നങ്ങള്‍ ഒക്കെ പരിഹരിക്കാം...” എന്ന് പറഞ്ഞ് ഞങ്ങളെ സമാധാനിപ്പിച്ചു.
മഞ്ഞില്‍ ഇരുന്നും നടന്നും ഉരുണ്ട് വീണും ആലോചിച്ച് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും എന്തുണ്ടാക്കി കൊണ്ട് പോകുമെന്ന കാര്യത്തില്‍ മാത്രം തീരുമാനമായില്ല. ഒടുവില്‍ വീട്ടിലെ ചര്‍ച്ചയിലാണ് ഇഡലിയും സാമ്പാറും തിരഞ്ഞെടുത്ത് ഉറപ്പിച്ചത്. അങ്ങിനെ “പോട്ട് ലക്ക്” ദിവസം രാവിലെ ഞാന്‍ അമ്പത് ഇഡലിയും ഒരു കുഞ്ഞിക്കലം സാമ്പാറുമായി ഓഫീസിലെത്തി. പത്ത് മണിക്ക് തന്നെ മീറ്റിംഗ് ഹാള്‍ ഒരുക്കുന്ന തിരക്ക് തുടങ്ങി. അതിനിടക്ക് മെമോ എത്തി. ഓരോരുത്തരും അവരവരുടെ നാടും ഭക്ഷണത്തിന്‍റെ പേരും ചേരുവകളും വൃത്തിയായി എഴുതിയോ ടൈപ്പ് ചെയ്തോ അതാത് ഭക്ഷണത്തിന്റെ അടുത്ത് വെക്കണം എന്നായിരുന്നു അതിലുണ്ടായിരുന്നത്. ഇഡലി സാമ്പാര്‍ എന്നെഴുതി ചേരുവകളുടെ ഇംഗ്ലീഷ് പേരുകള്‍ എഴുതി കൊണ്ടിരിക്കുന്നതിനിടയില്‍ എന്‍റെ കനേഡിയന്‍ സുഹൃത്ത് വായിച്ച് നോക്കി പരാജയപ്പെട്ടു. “പേര് വായിക്കാന്‍ പറ്റുന്നില്ല, ഭക്ഷണം കാണിച്ചു തരൂ ഇംഗ്ലീഷ് പേര് അവരുണ്ടാക്കാമെന്നായി. അങ്ങിനെയാണ് എന്‍റെ പാവം ഇഡലിയും സാമ്പാറും “വൈറ്റ് കേക്കും ലെന്റില്‍ സൂപ്പു”മായി മേശപ്പുറത്ത് എത്തിയത്.
പന്ത്രണ്ട് മണിയായപ്പോഴേക്കും ഇന്ത്യന്‍, ചൈനീസ്, പേര്‍ഷ്യന്‍, അറേബ്യന്‍, പോളിഷ്, ഫ്രഞ്ച്, ഇംഗ്ലീഷ്, ശ്രീലങ്കന്‍, കാനേഡിയന്‍ വിഭവങ്ങള്‍ കൊണ്ട് മേശ നിറഞ്ഞു. പ്ലേറ്റുകളില്‍ അതിര്‍ത്തികള്‍ ലംഘിച്ച് പലവിധ രുചികള്‍ കൂട്ടിമുട്ടിയെങ്കിലും സമധാന പ്രശ്നങ്ങള്‍ ഒന്നും താറുമാറായില്ല. പിസ്സയും ബര്‍ഗറും അല്ല “പുട്ടീനാണ്” കാനഡയുടെ തനത് ഭക്ഷണമെന്ന് ഞാനറിഞ്ഞതും അന്നായിരുന്നു. മൃദുവായ ഇഡലിയെ ഫോര്‍ക്ക് കുത്തി വേദനിപ്പിക്കുന്നത് സഹിക്കാനായില്ലെങ്കിലും പാത്രത്തില്‍ ഒന്ന് പോലും ബാക്കിയാകാഞ്ഞത് സന്തോഷിപ്പിച്ചു.
ഒരിക്കല്‍ ശൈത്യം അതിന്‍റെ ഉച്ചിയിലെത്തി നില്‍ക്കുമ്പോഴാണ് കാട്ടിലൂടെ മഞ്ഞില്‍ രാത്രി നടക്കാന്‍ പോകാനുള്ള മോഹമുദിച്ചത്. സ്ഥിരമായി വേനല്‍ക്കാലത്ത് ക്യാമ്പിന് പോകുന്ന സ്ഥലമാണ്. ശൈത്യക്കാലത്ത് എങ്ങിനെയാവും കാടും രാത്രിയും എന്നറിയാനൊരു പൂതി. തനിച്ചുള്ള നടത്തം വേണ്ടെന്ന് വെച്ചു ഒരു കൂട്ടം സായിപ്പന്മാരുടെ ഒപ്പം കൂടി. രാത്രി -20 ഡിഗ്രിയില്‍ മഞ്ഞിലൂടെ നിലാവെളിച്ചത്തില്‍ തപ്പിത്തടഞ്ഞുള്ള നടത്തം നല്ലോരനുഭവമായിരുന്നു ഞങ്ങള്‍ക്ക്. തണുത്ത് വിറച്ച്, വിശന്ന് വലഞ്ഞു തിരിച്ച് എത്തിയപ്പോള്‍ സംഘാടകര്‍ നല്‍കിയ ചൂടുള്ള പുട്ടീന്‍റെ രുചി പിന്നീടൊരിക്കലും എനിക്ക് കിട്ടിയിട്ടില്ല. കുറച്ച് മൈദ വെള്ളത്തില്‍ കലക്കി അടുപ്പത്ത് വെച്ച് ഇളം ചൂടില്‍ വേവിക്കുന്നതിലേക്ക് വെളുത്തുള്ളിയും, വെണ്ണയും, ഇറച്ചി വേവിച്ച വെള്ളവും ചേര്‍ക്കുന്നു. ഇതെല്ലാം കൂടെ ചേര്‍ന്ന് ഇളം ബ്രൌണ്‍ നിറമാകുമ്പോള്‍ കോണ്‍ഫ്ലവെര്‍ കുറച്ച് കലക്കി ഇതിലേക്ക് ഒഴിച്ച് ഗ്രേവി കുറുക്കുന്നു. ഫ്രെഞ്ച് ഫ്രൈസില്‍ ചൂടുള്ള ഗ്രേവി ഒഴിച്ച് ഇളക്കി മുകളില്‍ ചീസും കുരുമുളകും വിതറിയതും കൊണ്ട് അലങ്കരിച്ചാല്‍ പുട്ടീനായി.
കുടിയേറ്റ സംസ്കാരം പുട്ടീനേയും ബാധിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. കഴിക്കുന്നത് പുട്ടീന്‍ തന്നെയാണെങ്കിലും ഓരോ തവണയും രുചി വ്യത്യസ്തമാണ്. പലതരം ഭാഷയും വേഷവും ഇടകലര്‍ന്ന ടോറോന്റോ മെട്രോയിലെ ഒരു യാത്ര പോലെ പുട്ടീനും പല രുചികള്‍ക്കിടയില്‍ മുങ്ങി പൊങ്ങുന്നു. കനേഡിയന്‍ സുഹൃത്തുക്കള്‍ പറയുന്നത് പോലെ, “ഞങ്ങളുടെ -നിങ്ങളുടെതെന്ന വ്യത്യാസമില്ല, എല്ലാ രുചികളും കാനേഡിയന്‍ ആയിരിക്കുന്നു...” അത് കൊണ്ടാവും പുട്ടീന്‍ പോലെ തന്നെ “വൈറ്റ് കേക്കും ലെന്റില്‍ സൂപ്പും ഇവര്‍ക്ക് പ്രിയപ്പെട്ടതാകുന്നത്.
(2015 ഗള്‍ഫ് മാധ്യമം രുചി എഡിഷനില്‍ പ്രസിദ്ധീകരിച്ചത്)
Comentarios