കേരളത്തിൽ ജനിച്ചു വളർന്ന ഒരു വ്യക്‌തി എന്ന നിലയിൽ എല്ലാ മതങ്ങളോടും അവരുടെ വിശ്വാസങ്ങളോടും ചെറുപ്പം മുതലേ ബഹുമാനവും ആദരവും ഉണ്ടായിരുന്നു. ഒരു ക്രിസ്ത്യാനി ആണെങ്കിലും മറ്റു പല മതങ്ങളിൽ ഉള്ളവരാരുന്നു എന്റെ കൂട്ടുകാരിൽ അധികവും. സ്‌കൂളിൽ പഠിക്കുന്ന സമയത്ത് റമദാൻ മാസത്തിൽ ജലപാനം പോലും ഇല്ലാതെ എന്റെ ഓരോ കൂട്ടുകാരും നോമ്പ് എടുക്കുന്നത് ഞാൻ ആശ്ചര്യത്തോടെ നോക്കിയിട്ടുണ്ട്. റമദാൻറെ അന്ന് എന്റെ കുഞ്ഞുനാളുമുതലുള്ള സുഹൃത്തായ ആഷിക്കിന്റെ ഉമ്മ ഉണ്ടാക്കിയിരുന്ന ബിരിയാണിയുടെ മണവും സ്വാദും ഇന്നും എനിക്ക് ഓർത്തെടുക്കാൻ സാധിക്കും.
അങ്ങനെ ഉപരിപഠനത്തിനായി 2016 ൽ ആണ് ഞാൻ ആദ്യമായി കാനഡയിൽ എത്തുന്നത്. ഒരു സുഹൃത്ത് വഴിയാണ് ഞാനും എന്റെ കൂടെ ഉള്ള മറ്റു സുഹൃത്തും Peterborough ൽ ഉള്ള ഒരു കുടുംബത്തെ പരിചയപ്പെടുന്നത്. ഒരു മുന്പരിചയവും ഇല്ലാതെ തന്നെ ഞങ്ങളെ രണ്ടുപേരെയും മറ്റൊരു താമസസൗകര്യം ലഭിക്കുന്നത് വരെ അവരുടെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെ പരിചരിച്ചു. അത് ഒരു തുടക്കം മാത്രം ആയിരുന്നു. പിന്നീട് അവരുടെ കുടുംബത്തിലെ ഓരോ സന്ദര്ഭങ്ങളിലും ആഘോഷങ്ങളിലും ഞാനും ഒരു ഭാഗമായി.
അവരുമായുള്ള ചർച്ചകളും ആശയകൈമാറ്റങ്ങളും എല്ലാം റമദാനെക്കുറിച്ചും നോമ്പിന്റെ പ്രാധാന്യത്തെ കുറിച്ചുമുള്ള എന്റെ അറിവ് വളർത്താൻ സഹായിച്ചു. എന്നെ പോലെ കാനഡയിൽ എത്തുന്ന വിദ്യാർത്ഥികളെയും അതോടൊപ്പം സഹായം വേണ്ടവരെയെല്ലാം കണ്ടറിഞ്ഞ് സഹായിക്കുന്ന അവരുടെ സുമനസ്സു, സത്യം പറഞ്ഞാൽ ഒരു മനുഷ്യൻ എങ്ങനെ ആകണം എന്ന് എനിക്ക് ആ കുടുംബം കാണിച്ചും പഠിപ്പിച്ചും തന്നു. അങ്ങ് കേരളത്തിൽ ഇരിക്കുന്ന എന്റെ പപ്പയെയും അമ്മയെയും സഹോദരങ്ങളെയും പോലെ തന്നെയാണ് ഇന്ന് എനിക്ക് ഈ കുടുംബം.
കാനഡയിൽ വന്നു അന്ന് തൊട്ടു ഇന്ന് വരെ എന്നെ ഒരു മകളെപോലെയും സഹോദരിയെ പോലെയും ഒക്കെ കൂടെ നിർത്തിയ സലാമ് അങ്കിളിന്റെയും റയ്ഹാനത്തായുടെയും അവരുടെ മക്കളായ ആമിനയുടെയും ഹനാന്റെയും കൂടെ ഇനിയും ഒരുപാട് റമദാൻ അതിന്റെ മുഴുവൻ പരിശുദ്ധിയോടും കൂടെ എനിക്ക് ആഘോഷിക്കാൻ സാധിക്കട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Comentarios