top of page

അച്ഛനെന്ന മായാവി

  • Writer: Soumya Sachin
    Soumya Sachin
  • Oct 31, 2022
  • 2 min read

Updated: Nov 19, 2022




പണ്ട് ഞങ്ങടെ നാട്ടില് ഉടൽഭാഗമില്ലാതെ മുഖംമാത്രമുള്ള ഒരു മരപ്പാവയെ നല്ലയുടുപ്പൊക്കെയിടീച്ച് , ഉടുപ്പിനടിയിലൂടെ കൈകൾകൊണ്ട് ആ പാവയെ അതിമനോഹരമായ ഭാവതാളങ്ങളോടെ ആടിക്കുന്നതോടൊപ്പം വളരെ മനോഹരമായ നാടൻശീലുകൾ പാടി വീടുകൾതോറും കയറിയിറങ്ങി ജീവിക്കുന്നൊരപ്പൂപ്പനുണ്ടാർന്നു ...!! വേറൊന്നും വേണ്ട അയാൾക്ക് അഞ്ചോ പത്തോയുറുപ്പികയോ, ഒരു നേരത്തെ ഭക്ഷണമോ അല്ലെങ്കിൽ ഇത്തിരി അരിയോ നെല്ലോ.... പടികയറിവരുമ്പോത്തന്നെ കൊച്ചമ്പ്രാട്ടീന്ന് നീട്ടി വിളിച്ചെത്തുന്ന അയാളുടെ വരവിൽ എന്തുമാത്രം സന്തോഷിക്കാറുണ്ടെന്നെനിക്കുതന്നെയറിയില്ല...!! എന്നുവരും എപ്പൊ വരും എന്നൊന്നും ഒരു ഉറപ്പുമില്ല..നാടുനീളെനടന്ന് ഊരുചുറ്റുന്നൊരാള്..സ്കൂളുള്ളദിവസങ്ങളിലാണ് വരുന്നതെങ്കിൽ അയാള് കയറിവരുമ്പോൾ തന്നെ അച്ഛൻ അമ്മയോട് പറയും ഒരുപിടിയരി കൂടുതലിട്ടോ ഉണ്ണാനയാളുംകൂടിയുണ്ടാവുംന്ന്...്‌ കാരണം സ്കൂളീന്ന് ഞാനെത്തുന്നവരെ അയാളവിടുന്ന് പോവുകയേയില്ല...!! അല്പംമുതിർന്നപ്പോൾ , ഞാനച്ഛനോട് ചോദിച്ചിട്ടുണ്ട്. "ഞാൻ വരുന്നതുവരെ അയാൾക്ക് എത്രവീടുകളിൽപ്പോവാം , എത്ര കാശും സാധനങ്ങളും കിട്ടും എന്നിട്ടുമെന്തിനാണ് അയാളെന്നെ കാത്തിരിക്കുന്നത് " ന്ന് അപ്പോൾ അച്ഛൻ പറഞ്ഞത് "മോളേ , ചിലര് നമ്മളെത്തേടിവരുന്നതിന് ആവശ്യമെന്നയൊരർത്ഥം മാത്രമാവില്ല അയാൾക്കുള്ളിൽ എങ്ങനെയെങ്കിലും നീയടയാളപ്പെട്ടിട്ടുണ്ടാവും..." ന്ന് സ്കൂൾ വിട്ടുവരുമ്പോൾ ഉമ്മറത്തെതിണ്ണയിൽ മയങ്ങുന്ന അയാളെക്കാണുമ്പോൾ ഞാനോടിച്ചെന്ന് ആ മടിയിലിരിക്കും , അപ്പോൾ അയാള് പറയും "അയ്യോ കൊച്ചമ്പ്രാട്ടി അടിയനെ തൊട്ടൂടാന്ന്" അതൊന്നും വകവയ്ക്കാതെ അയാളുടെ പിരിമീശയെ വീണ്ടും പിരിച്ചുപിരിച്ചു ഞാൻ കളിക്കും...ശേഷം ആ പാവയെടുത്ത് പാട്ടുപാടിയാടിച്ചു കാണിക്കും ....അതിനുശേഷം അയാൾ അയാളുടെ മടിക്കുത്തിലെയൊരു പൊതിയിൽനിന്ന് കടലമിഠായിയുംം തേനുണ്ടയും നാരങ്ങമിഠായീംതരും , അവിശ്വാസമോ, വിവേചനചിന്തയോ ഒന്നുമില്ലാതെ ആ പൊതിവാങ്ങി ഞാനയാളുടെ കവിളിലൊരുമ്മകൊടുക്കും...!!! കയറിവരുമ്പോളൊക്കെ ഇത്തരം സംഭവങ്ങളാൽ സമൃദ്ധമായൊരു ബന്ധമുണ്ടെങ്കിലും..അയാളെക്കുറിച്ച് ഒന്നുംതന്നെയെനിക്കറിയില്ലായിരുന്നു...അടിയൻ അടിയനെന്ന് ആവർത്തിച്ചുപറഞ്ഞത് ആയാളുടെ പേരെന്നപോലെ ന്റെ മനസ്സിൽപ്പതിഞ്ഞതിനാൽ....അച്ഛാ അടിയൻ വരുന്നുണ്ടെന്ന് പറയുമ്പോളൊന്നും അച്ഛനത് തിരുത്തിയിരുന്നില്ല...!!! ആരുമല്ലാത്ത , തീർത്തും അപരിചിരായ ചിലരായിരിക്കും നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രിയപ്പെട്ടതായി അടയാളപ്പെടുകയെന്നത് എത്ര സത്യമാണ്....വീണ്ടുമൊരിക്കൽ കാണുമെന്നോ, അന്വേഷിച്ചുപോവാനൊരു വിലാസമോയില്ലാതെയും ചില മനുഷ്യർ നമ്മളിലിങ്ങനെ നിറഞ്ഞുനില്ക്കും.... ഏത് തരം മനുഷ്യരുമായും ഇടപഴകി, ജീവിതത്തിന്റെ നല്ലതും ചീത്തയുമായ വശങ്ങളെ സ്വയം തിരിച്ചറിയാൻപാകത്തിന് അച്ഛൻതന്ന സ്വാതന്ത്ര്യമാണ് ജീവിതത്തിലെ വിലമതിക്കാനാവാത്ത സ്വത്ത്... പിന്നീട്‌, ബാല്യത്തിൽനിന്ന് കൗമാരത്തിലേക്കുള്ളയേതോയൊരു ഘട്ടത്തിൽ പെട്ടൊന്നൊരു ദിവസം അയാൾ ജീവിതത്തിൽനിന്ന് അപ്രത്യക്ഷമായി....!! നാട്ടിലെയൊട്ടുമിക്കയാളുകളോടും പിന്നീട് അയാളിപ്പോളുണ്ടോ , ആർക്കെങ്കിലും എന്തെങ്കിലും വിവരമുണ്ടോയെന്ന് ഞാനും ,എനിക്കുവേണ്ടി അച്ഛനും അന്വേഷിച്ചുകൊണ്ടേയിരുന്നു.... പക്ഷേ കാര്യമുണ്ടായില്ല....!! പിന്നീടെപ്പൊഴോ എന്റെ നഷ്ടങ്ങളുടെപട്ടികയിൽ ഏറ്റവും ഉയർന്നയിടത്തുതന്നെ അയാളും കൊച്ചമ്പ്രാട്ടീ എന്ന ആ വിളിയും സ്ഥാനമുറപ്പിച്ചു...!!! ഇന്നലെയുച്ചയ്ക്കുണ്ടായ പനിച്ചൂടിലാണ് വർഷങ്ങൾക്കുശേഷം വീണ്ടും അയാളെന്റെയോർമയിലേക്ക് കൊച്ചമ്പ്രാട്ടീയെന്ന് നീട്ടിവിളിച്ച് കടന്നുവരുന്നത്...അയാളെയും ആ പാവക്കുട്ടിയേയും , അയാളെക്കാണാതായപ്പോളുണ്ടയ വിഷമം തീർക്കാൻ അച്ഛനെവിടുന്നോ സംഘടിപ്പിച്ചുതന്ന അതേപോലെയുള്ള പാവക്കുട്ടിയെയുമൊക്കെയോർത്തപ്പോൾ കണ്ണിൽനിന്നും തിളച്ചുമറിയുന്ന ചൂടോടെ രണ്ടേരണ്ട് തുള്ളിനീരൊഴുകി...വെറും രണ്ടേരണ്ടു തുള്ളി അത്രേയുള്ളൂ....!!പിന്നെ ഞാനാക്കാര്യം പാടേ മറന്നുപോയതുമാണ്...!!! പിന്നീടെപ്പഴോ ഉറക്കത്തിനിടെ ഞാൻ കൊച്ചമ്പ്രാട്ടീയെന്ന ആ പഴയ വിളികേട്ടു, പിന്നീട് മങ്ങിയവെളിച്ചത്തിൽ ഞാൻ കണ്ടത് അയാളുടെ കൈപിടിച്ച് കൂട്ടിക്കൊണ്ടുവന്ന് 'ദാ നിന്റെ അടിയൻ ന്ന്, പറയുന്നയച്ഛനെയാണ്....മുറിയിലാകെ പരക്കുന്ന അയാളുടെ മടിയിലെപ്പൊതിയിലെ തേനുണ്ടയുടെയും നാരങ്ങമിഠായീടേം അച്ഛടേം മണം മൂക്കോളമെത്തിയപ്പോൾ ഞാൻ ഞെട്ടിയുണർന്നു..... മഴയിൽനനഞ്ഞവളെപ്പോലെ ഞാനപ്പോൾ വിയർത്തിരുന്നു....!!! പിന്നീടിതുവരെയെനിക്ക് പനിച്ചിട്ടേയില്ല...!! നോക്കൂ, അച്ഛനെത്രയെളുപ്പത്തിലാണ് കാതങ്ങൾക്കപ്പുറമിരുന്ന് ഓർക്കുമ്പോഴേക്കും ഓടിയെത്തി എന്റെ പനിച്ചൂടിന്റെ പങ്കുപറ്റാനെത്തുന്ന മായാവിയാകുന്നത്.....!! മരിച്ചുപോയവർ നമ്മളെ മറന്നുപോവുമെന്നാരാണ് പറഞ്ഞത്...? ----------------------------------------

സൗമ്യ സച്ചിൻ , തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ സ്വദേശിയാണ് . നിലവിൽ മക്കൾ സന്തോഷ്,ശ്രീലക്ഷ്മി എന്നിവർക്കും ഭർത്താവ് സച്ചിനുമൊപ്പം തമിഴ്നാട്ടിലെ തിരുപ്പൂരിൽ താമസിക്കുകയും അവിടെയുള്ള ഒരു പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തനമനുഷ്ഠിക്കുകയും ചെയ്യുന്നു...Soumya sachin എന്ന ഐഡിയിൽ ഫേസ്ബുക്കിൽ ചെറു കുറിപ്പുകളും കവിതകളും എഴുതിവരുന്നു.

Comentários


©2018 by Malayali Muslim Association of Canada (MMAC)

bottom of page