ഏതോ പെരുന്നാളിനാണെന്നു തോന്നുന്നു സ്കൂളിൽ ഒപ്പം ഉണ്ടാരുന്ന ക്ലോസ് ഫ്രണ്ട് ഷഹാന ആദ്യമായ് വീട്ടിലേക്കു ക്ഷണിക്കുന്നത്. “വന്നാൽ എന്ത് തരും” എന്ന ചോദ്യത്തിന് "നല്ല തിക്കിടി തരും" എന്ന് പറഞ്ഞു ചാടിത്തുള്ളി അവളോടിപ്പോയി. "തിക്കിടി". അന്നാണ് ആ വാക്ക് ആദ്യമായ് കേൾക്കുന്നത്. അതെന്ത് ചാദനം ചാമി? വീട്ടിൽ പോയി ഇരുന്നും കിടന്നും ചിന്തിച്ചിട്ടും ഇതെന്താന്ന് ഒരു ഐഡിയ കിട്ടിയില്ല. അന്ന് ഗൂഗ്‌ളിച്ചൊന്നും നോക്കാൻ പറ്റൂല്ലലോ. പേര് കേട്ടാൽ ഒരു പെട കിട്ടിയ ഫീലിംഗ്. തിക്കിടി. തിക്കി ഇടിച്ചു പിഴിഞ്ഞെടുക്കുമെന്നാണോ? അതോ thick ഇടി കിട്ടുമെന്നാണോ അവളു പറഞ്ഞത്? അമ്മയാണ് പറഞ്ഞത് അതെന്തോ പലഹാരമാണെന്ന്. ഇടിയപ്പം, ഇടിയിറച്ചി, വെടിയിറച്ചി, പിടി, അവലോസുണ്ട, പൊടിയരിക്കഞ്ഞി തുടങ്ങി പേര് കേട്ടാൽ ഗുണ്ടകൾ വരെ പേടിച്ചോടുന്ന കടുംവെട്ട് ഐറ്റംസ് ഒക്കെ വെട്ടി വിഴുങ്ങിയിട്ടുണ്ടെങ്കിലും, ഇങ്ങനൊരു വിഭവം കേട്ടു കേൾവി പോലും ഉണ്ടാരുന്നില്ലന്ന്. എന്തായാലും പേര് ഇടിവെട്ട് ആയ സ്ഥിതിക്ക് ലുക്കും രുചിയും കൂടി അങ്ങനെ ആണോ എന്ന് അറിയാതെ ഇരിക്കപ്പൊറുതി ഇല്ലെന്നായി. പൊതുവെ കൂട്ടുകാരുടെ ഒക്കെ വീട്ടിൽ പോണതിനു സമ്മതം കിട്ടാൻ പെടാപ്പാട് പെടേണ്ട കാലമായിരുന്നെങ്കിലും ഷഹാന എന്റെ ക്ലോസ് ഫ്രണ്ട് മായിൻ കുട്ടി ആയിരുന്നതിനാലും എന്നെ പോലെ നല്ല തങ്കപ്പേട്ടന്റെ സ്വഭാവം ആയിരുന്നതിനാലും ഉടനടി ഹൈ കമാൻഡിന്റെ അനുവാദം കിട്ടി. പെരുന്നാൾ ഒന്ന് ആയിക്കിട്ടാൻ ചന്ദ്രേട്ടന്റെ ഡെയിലി സ്റ്റാറ്റസ് നോക്കി ഞാനും കാത്തുകാത്തിരുന്നു. എങ്ങാനും ഒന്നങ്ങോട്ടോ ഇങ്ങോട്ടോ മാറി, നൊയമ്പിനെങ്ങാൻ അവൾടെ വീട്ടിൽ കേറി ചെന്നാൽ എനിക്കും കൂടി നോയമ്പെടുക്കേണ്ടി വരുമോ എന്നൊരു ശങ്ക എന്നെ അലട്ടാതിരുന്നില്ല. വിശപ്പിന്റെയും വിയർപ്പിന്റെയും അസുഖം കലശലായി ഉള്ളത് കൊണ്ട് റിസ്ക് എടുത്തില്ല. ക്ഷമയോടെ ഞാൻ പെരുന്നാളിന് വേണ്ടി കാത്തിരുന്നു. ഒടുവിൽ ഷഹാന വിളിച്ച ആ ദിവസം വന്നെത്തി. രാവിലെ തന്നെ കുളിച്ചൊരുങ്ങി ഷഹാനയുടെ വീട്ടിലേക്കു വെച്ച് പിടിച്ചു. അവിടെ ചെന്നപാടെ അവൾ വീട്ടുകാരെ ഒക്കെ ഓടി നടന്ന് പരിചയപ്പെടുത്തി. എന്റെ നോട്ടം മുഴുവൻ ഞാൻ ഇത് വരെ കാണാത്ത ആ വിശിഷ്ടാതിഥിയെ ആയിരുന്നു. അൽ തിക്കിടി. അവളാവട്ടെ വീട്ടിൽ ആദ്യമായി വന്ന എന്നോട് കടിഞ്ഞൂൽ കല്യാണത്തിലെ ഉർവശിയെ പോലെ പഴയ വീഞ്ഞപ്പെട്ടി തുറന്നു അവളുടെ നോക്ലാഞ്ചിയ തള്ളുന്ന തിരക്കിലും. എനിക്കാണേൽ വിശന്നിട്ടു വീഞ്ഞപ്പെട്ടി രണ്ടോ മൂന്നോ ഒക്കെ ആയി കാണാൻ തുടങ്ങി. പെട്ടെന്ന് ചാടി എണീറ്റ് ഞാൻ ചോയ്ച്ചു. "എടീ പെണ്ണെ നീയൊരു വിളി കേട്ടോ?" "ഇല്ല." "എന്നാ ഞാൻ കേട്ട്. വിശപ്പിന്റെ വിളി." അപ്പോളാണ് എന്നെ പട്ടിണിക്കിട്ടു കൊല്ലാക്കൊല ചെയ്യുന്ന കാര്യം അവൾക്ക് ഓർമ വന്നത്. "അള്ളാ നിനക്ക് ബദാം മിൽക്ക് കൊടുക്കണമെന്ന് ഉമ്മച്ചി പറഞ്ഞേപ്പിച്ചതാ. മറന്നൊയി." "ഞഞ്ഞായി". ഷഹാനയുടെ ഉമ്മ തിക്കിടി ഉണ്ടാക്കണ തിരക്കിൽ ആരിക്കും. അതാരിക്കും യെവളെ പറഞ്ഞേൽപ്പിച്ചത്. എന്നെ വല്യ കാര്യാണ് ഉമ്മച്ചിക്കു. എന്തായാലും ബദാം മിൽക്ക് കുടിച്ച കഴിഞ്ഞപ്പോ തന്നെ ഉൽസാഹത്തോടെ ഷഹാന മറ്റു കലാപരിപാടികൾ ആരംഭിച്ചു. വീടിന്റെ മുറ്റത്തിറങ്ങി അവള് വിളിച്ചു കൂവി, "സൈനുമ്മ, അയിഷാത്ത, ഷെറി, മജീദണ്ണ,ഫൈസി ദേ ഇതാരാന്നു നോക്കിക്കേ എന്റെ ക്ലോസ് ഫ്രണ്ടാ"... വിളി കേട്ട പാടെ ഈ മനുഷ്യരൊക്കെ കൈയിൽ കിട്ടിയ കുട്ടിയും കുട്ടയുമായി പാഞ്ഞു വരണ കണ്ട് അക്കിടി മണത്ത ഞാൻ, തിക്കിടി വേണ്ടെന്നു വച്ചു കണ്ട വണ്ടിയിൽ കേറി ലക്കിടിക്കു പോകാൻ തീരുമാനിച്ചങ്കിലും, ബദാം മിൽക്കിന്റെ ബലത്തിൽ പിടിച്ചു നിന്നു. വന്നവരിൽ ചിലർ വിശേഷങ്ങൾ ചോയ്ച്ചു. ചിലര് ഈ നരുന്തിനെ കാണാനാ ഇങ്ങനെ വിളിച്ചു കൂവിയെ എന്നുള്ള ഭാവത്തിൽ ഷഹാനയെ ഒന്ന് ഇരുത്തി നോക്കിയിട്ടു എന്തോ പിറുപിറുത്തോണ്ടു പോയി. ദയനീയ ഭാവത്തിൽ അവളെ നോക്കിയ ക്ലോസ് ഫ്രണ്ടായ എന്നെ, "സന്തോഷായില്ലേ അരുണേട്ടാ " ഭാവമിട്ടു അവള് ക്ലോസ് ആക്കിക്കളഞ്ഞു. എന്തായാലും കൃത്യ സമയത്തു ഉമ്മച്ചി കഴിക്കാൻ വിളിച്ച കൊണ്ട് ഞാൻ പത്യേ അവിടുന്ന് സ്കൂട് ആയി. ഷഹാന സൗഹൃദത്തിന്റെ ആഴത്തെക്കുറിച്ചു ലോക പ്രശസ്തമായ ഒരു പ്രബന്ധം(അതോ രണ്ടോ) അവതരിപ്പിച്ചു നാട്ടുകാരെ വീണ്ടും വെറുപ്പിച്ച ശേഷം ഒന്നും സംഭവിക്കാത്ത പോലെ കഴിക്കാൻ വന്നിരുന്നു. "നിനക്കിതൊക്കെ എങ്ങനെ സാധിക്കുന്നെടീ ഉവ്വേ? പഞ്ചയത്തിലക്ഷനിൽ മത്സരിച്ചൂടെ?" എന്ന എന്റെ സർക്കാസത്തെ മൈൻഡ് ആക്കാതെ പത്തിരിയിൽ ഫോക്കസ് ചെയ്തപ്പോൾ, ഞാനും ഫുഡിലേക്കു ശ്രദ്ധ തിരിച്ചു. മേശമേല് നിരത്തി വച്ചിരിക്കുന്ന പത്തിരി, കോഴിക്കറി,ബിരിയാണി തുടങ്ങിയ ചിര പരിചിതർക്കിടയിലൂടെ എന്റെ കണ്ണുകൾ ആ അപരിചിതനെ പരതി. പരതി കണ്ണ് കഴച്ചപ്പോ ഞാൻ ഷഹാനയോടു ചോയ്ച്ചു. "എവിടെ തിക്കിടിയെവിടെ"? തിലകൻ. Jpg. അയിനുത്തരം പറഞ്ഞതുമ്മച്ചിയാണ്. "തിക്കിടി വൈകിട്ടത്തേക്കേ ആവൂ. ലേശം പണിയുള്ള ഐറ്റം ആണ്. മാത്രല്ല തിക്കിടി നമ്മളെല്ലാരും കൂടെ പിടിച്ചാണ് ഉണ്ടാക്കാൻ പോണത്. എല്ലാരും കൂടെ പിടിക്കാൻ ഇതെന്തു വടം വലിയോ? മാത്രമല്ല വിയർപ്പിന്റെ അസുഖമുള്ള എന്റെ പിടിയിൽ ഈ പിടി ഒതുങ്ങുമോ? അങ്ങനെ പല സംശയങ്ങളും ഉണ്ടായിരുന്നു എങ്കിലും, മേശപ്പുറത്തു ഇപ്പോൾ ഇരിക്കണ ഫുഡ് കൂടെ മിസ് ആയാലോ എന്നോർത്തപ്പോ കുറച്ചു വെള്ളം കൂട്ടി അതങ്ങട് വിഴുങ്ങി. എന്തായാലും ഇത് വെറും ലഞ്ച് അല്ല വൈകുന്നേരം വരെയുള്ള കലാപരിപാടികൾ ആണ് മൈ ക്ളോസ് ഫ്രണ്ട് കം നാട്ടുകാരുടെ കണ്ണിലുണ്ണി കം ഫ്യൂച്ചർ പഞ്ചായത്ത് പ്രസിഡന്റ് മിസ് ഷഹാന ബീവി പ്ലാൻ ചെയ്തിരിക്കുന്നത് എന്നോർത്ത് മനസ്സ് നിറഞ്ഞു തുളുമ്പി വന്നത് കുറച്ചു കോരി വച്ച ശേഷം, വയറു നിറക്കുന്ന പ്രക്രിയയിലേക്കു ഞാനവളെ കാത്തു നിൽക്കാതെ ഊളിയിട്ടു. ഫുഡ് അടിക്കു ശേഷം തൊടിയിലും തോട്ടിലും ചുറ്റി നടന്നു തിരിച്ചു വന്ന ഞങ്ങളെ വരവേറ്റത് എ ഗ്രൂപ് ഓഫ് പീപ്പിൾസ് ആണ്. ഷഹാനയുടെ വീട്ടിൽ ഉള്ളവരും അയല്വക്കത്തുള്ള കപ്പിൾ ഓഫ് ഉമ്മാസും, നേരത്തെ വിളിച്ച കുറച്ചു ഇത്തമാരുമൊക്കെയായി സംഭവം കളറായി. ഹായ് കൊള്ളാല്ലോ കളി. ഈ തിക്കിടി ഒരു പ്രസ്ഥാനം തന്നെ. ഉമ്മച്ചി നീക്കി വച്ച കൊരണ്ടിപ്പലകയിൽ ഇരുന്നു ഞാനും തിക്കിടയുടെ ബാലപാഠങ്ങൾ അന്ന് പഠിച്ചു. പിടി പിടിക്കൽ ഈ കാണുന്ന പോലെ അത്ര എളുപ്പമുള്ള പണിയൊന്നുമല്ല. ഓരോ പിടിയും ഒരേ വലിപ്പത്തിലും ഷേപ്പിലുമൊക്കെ ആക്കി എടുക്കുക എന്ന് പറയുന്നത്, തഴക്കം വന്ന എക്സ്പെർട്സിനു മാത്രേ പറ്റു. മൈലാഞ്ചി കൈകളിൽ അച് യന്ത്രം ഒളിപ്പിക്കുന്ന മായാജാലം. ഇടയ്ക്കിടെ സൈസും ഷേപ്പും മാറുന്ന ഷഹാനയുടെ പിടികൾക്കു, ഉമ്മയുടെ തലക്കിട്ട് കിഴുക്ക് അകമ്പടി പ്രാപിച്ചപ്പോൾ, ഇടയ്ക്കിടെ കൊഴുക്കട്ടയും ഇഡ്ഡലിയുമൊക്കെയായ് രൂപാന്തരം പ്രാപിച്ചു വന്ന എന്റെ പിടികൾ ഉമ്മയുടെ കിഴുക്കേൽക്കാതെ ഒരിക്കൽ കൂടെ ഉടച്ചു വാർക്കപെട്ടു. എന്തായാലും തിക്കലും ഇടിക്കലും പിടിക്കലും കഴിഞ്ഞപ്പോൾ ഉച്ചക്കു കഴിച്ചതൊക്കെ ആവിയായി പോയി. ഒടുവിൽ എന്റെ മുൻപിലേക്ക് അൽ തിക്കിടി എത്തപ്പെട്ടു. ഇച്ചിരെ ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയിത്തന്നെ. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, മുണ്ടക്കയം ഭാഗത്തു റമദാൻ സ്പെഷ്യൽ വിഭവം ആണ് തിക്കിടി. പറഞ്ഞു വരുമ്പോ നമ്മുടെ പിടിയുടെ കസിൻ ആയിട്ടു വരും. പിടി വെള്ള നിറത്തിൽ ആണേൽ തിക്കിടിക്കു ഇളം മഞ്ഞ നിറമാണ്. ഒറ്റ നോട്ടത്തിൽ വേവിച്ച കപ്പയാണെന്നു തോന്നും. അരിപ്പൊടി ചൂട് വെള്ളത്തിൽ നൈസ് ആയി കൊഴച്ച മാവ് കൊച്ചുരുളകളായുരുട്ടി, പിടി ആക്കി മാറ്റി വച്ച്, തേങ്ങയും ഉള്ളിയും മഞ്ഞളും പെരുംജീരകവും ഉപ്പും കൂട്ടി നീട്ടി അരപ്പാക്കിയെടുത്തത്, വെളിച്ചെണ്ണയിൽ ഉള്ളിയും കറിവേപ്പിലയും താളിച്ചതിലേക്കൊഴിച്ചു, പച്ചചുവ മാറുന്ന വരെ ഇളക്കി മൂടിവച്ചു, ആ അരപ്പിലേക്കു പിടികളിട്ടു വേവിച്ചു, പിടി ഉടയാതെ പതിയെ പതിയെ ഇളക്കി, അരപ്പു കുറുകി വരുമ്പോൾ ഇറക്കി വക്കുക. എന്നിട്ടു മട്ടന്റെ കൂടെയോ വറുത്തരച്ച കോഴിക്കറിയുടെ കൂടെയോ ഒരു പിടി അങ്ങട് പിടിച്ചാൽ....ഓ യെന്റെഡാ.....
top of page
bottom of page
Comments