top of page
Writer's pictureLekha Madhavan

തിരയൊടുക്കം



ലേക്കിന്റെ അലകൾക്ക് അലറാൻ അറിയില്ലായിരുന്നു. ചെറിയ കിളുംകിളും ശബ്ദം പുറപ്പെടുവിക്കുന്ന അലകളോട് അയാൾ കൊഞ്ചി,

"തൊടാമോ എന്നെ?"

അലകൾ കിണുങ്ങി ഒന്നുകൂടി ആഞ്ഞു ശ്രമിച്ചു. ഒടുവിൽ തോറ്റു പിന്മാറുമ്പോൾ അയാളോട് പറഞ്ഞു.

"ഈ വെള്ളത്തിന്റെ തെളിച്ചം കണ്ടോ? ഇതാണ് കണ്ണീരിന്റെ ഉപ്പുകലരാത്ത തെളിഞ്ഞ വെള്ളം."

കാറ്റിന്റെ ഓളങ്ങളിൽ വിരലുകൾ നിവർത്തിയും മടക്കിയും നൃത്തം ചെയ്യുന്ന അലകൾ. അകലെ ചക്രവാളത്തോളം നീണ്ടുകിടക്കുന്ന നീലിമയുടെ അലയിളക്കം, സൗപർണികയുടെ നീലസാരിയുടെ ഓർമ്മയുണർത്തി.

കടൽത്തീരത്തിലെ സായാഹ്നങ്ങളിൽ പാറക്കെട്ടുകളിൽ ആഞ്ഞടിക്കുന്ന തിരമാലകളെ നോക്കിയിരിക്കുമ്പോൾ സൗപർണികക്ക് സങ്കടമാണ്.

"ഈ കടലിന് എന്തോരം ദുഃഖമാണ്? എത്ര തലതല്ലിക്കരഞ്ഞാലും തീരില്ലേ ഇതിന്റെ പരാതികൾ?"

കുറച്ചുമാറി ലേക്കിലേക്ക് നോക്കി നിൽക്കുന്ന നീലസാരിയുത്ത സ്ത്രീയാണോ പഴയ ഓർമ്മകൾ ചികഞ്ഞത്? അയാൾ ഒന്നുകൂടി തിരിഞ്ഞു നോക്കി. ആ സ്ത്രീയെ എവിടെയോ കണ്ടിട്ടുണ്ട്. പക്ഷേ ഓർത്തെടുക്കാൻ കഴിയുന്നില്ല.

ദൂരങ്ങൾ താണ്ടി, അലയില്ലാത്ത ലേക്കിന്റെ ശാന്തത കാണുമ്പോൾ സൗപർണികയോട് പറയാൻ തോന്നുന്നു.

"നോക്ക്, കടലിന്റെ കരച്ചിൽ മാറിയപ്പോൾ അതിന് സ്വന്തം പേരുപോലും നഷ്ടപ്പെട്ടിരിക്കുന്നു"

അവളെവിടെയാകും? അവസാനം പിരിയുമ്പോൾ അവളുടെ കണ്ണുകളിൽ കെട്ടിനിന്ന വേദന.

അവളുടെ നീണ്ട പുരികങ്ങളും കറുത്ത കൺപീലികളും വിഷാദത്തിന്റെ കഥ പറഞ്ഞ ദിവസം.

പറിച്ചു നടൽ മാത്രമല്ലേ ചില ജീവിതങ്ങൾ? അച്ഛന്റെ ട്രാൻസ്ഫറിനൊപ്പം നഗരങ്ങൾ മാറുമ്പോൾ കിട്ടിയ സൗഹൃദം.

സോഷ്യൽ മീഡിയ ഇല്ലാത്ത ലോകത്ത് നഷ്ടം എന്നും നഷ്ടം മാത്രമായി മനസ്സിൽ ചുരുണ്ടു കിടന്നു.

"എന്റെ അച്ഛനും ട്രാൻസ്ഫറാണ്. പുതിയ അഡ്രസ്സ് കിട്ടിയാൽ എങ്ങനെ അറിയിക്കും?"

ചോദ്യങ്ങൾക്ക് മുന്നിൽ പകച്ചുപോയ കൊച്ചു കുട്ടികൾ മാത്രമായി. വർഷമേറെ കടന്നു പോയിട്ടും കുട്ടിക്കാലത്തെ കുഞ്ഞു പ്രണയം ഇപ്പോൾ മനസ്സിൽ വരാൻ കാരണം?

കറുത്തു കുഴഞ്ഞുകിടക്കുന്ന മണലിന് കടൽത്തീരത്തിന്റെ

ഭംഗിയില്ല. കടൽ അടിച്ചു കയറിവരുമെന്ന ഭീതിയില്ലാതെ കൊച്ചു കളിപ്പാത്രങ്ങളിൽ മണ്ണുമാന്തി നിറയ്ക്കുന്ന പേരക്കുട്ടികൾ. പുതിയ രാജ്യത്തിന്റെ അതിശയങ്ങളിൽ മുഴുകി നടക്കുന്ന ഭാര്യയുടെ മുഖത്ത് അയാളുടെ കണ്ണുകൾ ഉടക്കി.

മകളും ഭാര്യയും നീലസ്സാരിയുടുത്ത സ്ത്രീയോട് കുശലം പറയുന്നതു ശ്രദ്ധിക്കാതെ അയാൾ ചിന്തകളെ വീണ്ടും പഴയ കാലങ്ങളിൽ അലയാൻ വിട്ടു.

മടക്കയാത്രയിൽ കുട്ടികൾ തളർന്നുറങ്ങി. പുറകിലേക്കോടുന്ന കാഴ്ചകൾ കൊണ്ടിരിക്കുമ്പോഴാണ് മകൾ പറഞ്ഞത്.

"അമ്മേ, ആൺടിയുടെ പേര് കേട്ടോ? സൗപർണിക. എന്ത് നല്ല പേര് അല്ലേ?"

അയാളുടെ ശ്വാസം ഒരുനിമിഷം നിലച്ചു.

അതെ സൗപർണിക! അവരെ കണ്ടപ്പോൾ സൗപർണികയുടെ ഓർമ്മ വന്നിട്ടും തിരിച്ചറിയാൻ കഴിഞ്ഞില്ല.ഓർത്തപ്പോൾ കാലം ഒരുപാട് മാറ്റം വരുത്തിയ ആ മുഖത്തവിടെയോ പഴയ സൗപർണികയുണ്ടെന്ന് തോന്നി.

അവളെന്നെ തിരിച്ചറിഞ്ഞു കാണുമോ? ഉണ്ടാവില്ല. അവളോർത്തു കാണുമോ അലയൊഴിഞ്ഞ കടലിനെക്കുറിച്ച്?

അയാൾക്ക് സ്വന്തം ചാപല്യമോർത്ത് ലജ്ജ തോന്നി. ഒപ്പം വേദനയും. ഒന്നുകൂടി കാണണമെന്ന് ഒരുപാട് ആഗ്രഹിച്ചിട്ടും, ഇത്ര അടുത്ത് വന്നിട്ടും സൗപർണികയെ കണ്ടില്ല.

കാർ ട്രാഫിക് ലൈറ്റിൽ നിന്നപ്പോൾ അടുത്ത വന്നുനിന്ന കാറിൽ നിന്നും സൗപർണിക അയാളെ നോക്കി കൈവീശി. ഒരുനിമിഷം അയാൾ കണ്ടു, അവളുടെ കണ്ണിലെ തിരിച്ചറിവിന്റെ തിളക്കം.

കാറുകൾ വീണ്ടും അകന്നപ്പോൾ അയാൾ കണ്ണടച്ചു. നീണ്ട പുരികങ്ങളും പീലിക്കണ്ണുകളുമുള്ള, നീലസ്സാരിയുടുത്ത പെൺകുട്ടി അയാളുടെ ഉള്ളിൽ നിന്നും മാഞ്ഞു. ഇനിയൊരിക്കൽ കൂടി കാണണമെന്ന മോഹം അലകളൊതുങ്ങിയ കടലായി ജീവനറ്റു കിടന്നു.

6 views0 comments

Related Posts

See All

コメント


bottom of page