ചെറുപ്പകാലത്ത് , അസർ നമസ്കാരം കഴിഞ്ഞാൽ നാട്ടിൻപുറത്തെ റോഡിലൂടെയും ഇടവഴികളിലൂടെയൊക്കെ നടക്കുമ്പോൾ നോമ്പുകാരായ കൊച്ചുകുട്ടികളെ ഭ്രമിപ്പിക്കുന്ന ആ മണം ഇളം കാറ്റിൽ മൂക്കിലേക്കടിച്ച് കയറും !!!! പ്രദേശത്തെ മുസ്ലിം വീടുകളിൽ നോമ്പ് തുറക്കാനുള്ള പലഹാരങ്ങളും ഇറച്ചിക്കറികളും ഉണ്ടാക്കുമ്പോൾ ഉയരുന്ന ആവിയുടെ മസാല മണം !!!!!
വെയില് താഴുമ്പോഴേക്കും ചുറ്റുമുള്ള കൂട്ടുകാർ ഒന്നൊന്നായി വയലരികിലെ ഫുട്‌ബോൾ കോർട്ടിലേക്ക് ഇറങ്ങി വരും . കളിക്കിടയിൽ കാറ്റിന്റെ ഗതിക്കനുസരിച്ച് പ്രസ്തുത സുഗന്ധം വന്നും പോയുമിരിക്കും.
എത്ര വിശന്നാലും ക്ഷീണം തോന്നിയാലും പന്തുമായി ചീറി ഗോളടിക്കുന്നതിലും ആർപ്പുവിളിക്കുന്നതിലുമൊന്നും ഒരു കുറവുമില്ല !!!
ഷുക്കൂറിന്റെ മസ്അല അനുസരിച്ച് മേൽപ്പറഞ്ഞ മണം മൂലമുണ്ടാകുന്ന ഉമിനീര് തുപ്പിക്കൊണ്ടിരിക്കണം. ഇടവേളയിലെ ചർച്ചകളിൽ കൂട്ടത്തിലെ ‘കുട്ടി പണ്ഡിതന്മാർ ‘ ഫത്വകളിറക്കികൊണ്ടിരിക്കും.
കളി കഴിഞ്ഞു പോകുമ്പോൾ തൊടിയിലുള്ള പഴുത്ത പപ്പായയും കൈതചക്കയും പേരക്കയുമെല്ലാം ശേഖരിക്കും. ഇവയ്‌ക്കെല്ലാം നോമ്പുകാലത്ത് മണം കൂടുന്നുണ്ടോ !!!!
നോമ്പ് കഞ്ഞിക്കും പലഹാരങ്ങൾക്കും പത്തിരിക്കും പുറമെ മേൽ ശേഖരിച്ചതെല്ലാം തിന്നുതീർക്കാമെന്നത് വ്യാമോഹമാണെന്ന് ഉമ്മ സൂചിപ്പിക്കുന്നത് ആര് മയിൻറ് ചെയ്യാൻ !!!
പെരുന്നാളടുക്കുന്നതോടെ അത്തർ കാക്കയുടെ വരവായി !!! തൊട്ടടുത്ത വീടുകളിലെല്ലാം അത്തർ കാക്കയുടെ കൂടെ കയറിയിറങ്ങും .. അത്തർ പെട്ടി തുറക്കുമ്പോൾ പലതരം മണങ്ങൾ !!!!
നോമ്പുകാലവുമായി ബന്ധപ്പെട്ടു മേൽ പരാമർശിച്ച മണങ്ങൾ ഇങ്ങകലെ അറ്ലാന്റിക്കിനിപ്പുറം ഓരോ നോമ്പുകാലം വരുമ്പോളും മനസ്സിൽ നിറയുന്നു...
Commenti