top of page

നമ്മൾ

  • Writer: Soumya Sachin
    Soumya Sachin
  • Oct 31, 2022
  • 1 min read

Updated: Nov 14, 2022




നീയ്യും ഞാനും ജീവിതത്തിന്റെ സുഖദു:ഖങ്ങളെയെല്ലാം ജീവിച്ചുതീർത്ത്, പരിചിതവും അപരിചിതവും വിജനവും നിഗൂഢവുമായ ജീവിതവഴികളെല്ലാം നടന്നുതീർത്ത്, കാലത്തെയും കാലത്തിന്റെയെല്ലാ കയറ്റിറക്കങ്ങളെയും ലോകത്തെയും ലോകത്തിന്റെയൊട്ടുമിക്ക കളികളെയും കണ്ടും കൊണ്ടും ജയിച്ചും തോറ്റും.....!! ഒട്ടേറെദുരം ഓടിയോടിത്തളർന്ന് പ്രിയപ്പെട്ടവർക്കുവേണ്ടി, പൂർണ്ണമായും നമ്മളിലേക്കവരെമാത്രം ഉൾക്കൊള്ളിച്ചും സ്വയമതിലേക്കുമാത്രമായി ഉൾവലിഞ്ഞും.....!!! എന്നിലും നിന്നിലും ഒന്നുമില്ലാതാവുമ്പോൾ, ഹൃദയവും ബുദ്ധിയും കാഴ്ചയുമെല്ലാം നഷ്ടപ്പെട്ട് നമ്മളിൽ നമ്മളത്രമാത്രം ശൂന്യരായിത്തീരുമ്പോൾ.....!! ശരീരമെന്നത് വെറുമൊരു തുള്ളിയായും ആത്മാവൊരു നദിയായുംമാറി, മാറിമറയാനിനിയൊന്നുംതന്നെ അവശേഷിക്കുന്നില്ലെന്നിരിക്കെ, ഒരിക്കൽക്കൂടി നമ്മൾ പരസ്പരം കണ്ടുമുട്ടും...!! ഒരായുസ്സുമുഴുവനായും ഒരൊറ്റനിമിഷത്തിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്താനന്നും കാലംതെറ്റിയൊരു മഴയെത്തും....!! എനിക്കുറപ്പാണ്, എന്നത്തെയുംപോലെയന്നും നീയെനിക്കുമുന്പിലൊരു നദിയായ് മാറും...!! നരച്ചുപോയ നമ്മുടെ സ്വപ്നങ്ങളുടെ മങ്ങിയ ഓർമകൾ പോലുമില്ലാതെ ഒന്നിനും വേണ്ടിയല്ലാതെ വെറുതേ, വെറും വെറുതേ നിനക്കരികിൽ നിന്നോടു ചേർന്നിരുന്ന് ഞാനൊന്ന് വിശ്രമിക്കും ആദ്യമായും ഒരുപക്ഷേ, അവസാനമായും ...!!!! അല്ലെങ്കിലും നിന്റെ തീരത്തല്ലാതെ മറ്റെവിടെയാണെന്റെ ആത്മാവിനൊരിക്കലുമുണരാതെ മതിവരുവോളമൊന്നുറങ്ങാനാവുക...!!




--------------------------

സൗമ്യ സച്ചിൻ , തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ സ്വദേശിയാണ് . നിലവിൽ മക്കൾ സന്തോഷ്,ശ്രീലക്ഷ്മി എന്നിവർക്കും ഭർത്താവ് സച്ചിനുമൊപ്പം തമിഴ്നാട്ടിലെ തിരുപ്പൂരിൽ താമസിക്കുകയും അവിടെയുള്ള ഒരു പ്രൈവറ്റ് സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തനമനുഷ്ഠിക്കുകയും ചെയ്യുന്നു...Soumya Sachin എന്ന ഐഡിയിൽ ഫേസ്ബുക്കിൽ ചെറു കുറിപ്പുകളും കവിതകളും എഴുതിവരുന്നു.


Comments


©2018 by Malayali Muslim Association of Canada (MMAC)

bottom of page