top of page

മഴത്തുള്ളി

  • Writer:  Fathima Beevi
    Fathima Beevi
  • Nov 13, 2022
  • 1 min read

Updated: Nov 14, 2022

ചിതറിത്തെറിക്കുന്ന മഴത്തുള്ളികളിലോരോന്നിലും

നോക്കി ഞാനെൻറെ കണ്ണുകൾ ചിമ്മവേ


ഓരോ തുള്ളിക്കും എൻ കാതിലെന്തോ കിന്നാരം

പറയുവാനുണ്ടെന്നെനിക്കു തോന്നി


എന്നുള്ളിലൂറുന്ന നീറുന്ന ജ്വാലകൾ

അണയ്ക്കുവാൻ വരികയാണെന്നെനിക്കു തോന്നി

ഓടിയടുത്തവളെന്റെ ചാരെ


കോരിയെടുത്തെൻ കൈക്കുമ്പിളിൽ

എന്റെ കണ്ണുകളിലെ തിളക്കമാവാം


അവളെന്നെ നോക്കി കണ്ണിറുക്കി

കാലത്തിൻ തേരിലേറിയെൻ ബാല്യകാല

സ്‌മൃതികളിലേക്കൊന്ന് ഞാനൂളിയിട്ടു ,


പരിഭവം പേറിയും പഴിചാരിയും നിന്നെ

ഞാനെത്ര നാൾ വെറുത്തിരുന്നു


ചുട്ടു വെച്ച മണ്ണപ്പമൊക്കെയും

കള്ളനെപ്പോൽ നീ കവർന്നെടുത്തു


പുസ്തകകെട്ടും പുത്തനുടുപ്പും

നന്നായി നനച്ചു നീ രസിച്ചതല്ലേ


ഓടിക്കിതച്ചു പരിഭവത്തോടമ്മയോടീ

കഥ പറയുവാൻ ഞാൻ പാഞ്ഞടുത്തു


'അമ്മ പറഞ്ഞൊരാസത്യമൊക്കെയും കേട്ടു

ഞാനെൻ പൂന്തോപ്പിലേക്കോടിയെത്തി


വാടിക്കരിഞ്ഞുണങ്ങിപിണങ്ങി നിന്നതാ

മല്ലിക പിച്ചക റോസുമെല്ലാം


ആർത്തട്ടഹസിച്ചും പൊട്ടിച്ചിരിച്ചും

ആനന്ദ നൃത്തം ചവിട്ടിടുന്നു


അത് കണ്ടു ഞാനും ചിരിച്ചു പോയ്

എന്നിലെ പരിഭവമൊക്കെ മാഞ്ഞു


കളകളം പാടും കിളികളും പൂക്കളും

ഉല്ലാസമോടവർ പാട്ടുപാടി


ആ വഴി വന്നൊരു കുഞ്ഞിളം കാറ്റ്

ശർക്കര മാവിൽ കൊമ്പു കുലുക്കി


മാമ്പഴമൊക്കെ പെറുക്കി ഞാനും

പുസ്തകസഞ്ചിയിൽ നിറച്ചു വെച്ചു


വറ്റി വരണ്ട മരുപ്പച്ച പോലും

തണുത്തുറയുന്നതു ഞാൻ നോക്കി നിന്നു


നീറുന്ന പേറുന്ന മനസിന്റെ കോണിൽ

ഒരിത്തിരി തണുപ്പേകാൻ നിനക്കാവുമല്ലോ


ഒരു തുള്ളി നീരിനായ് കേഴുന്ന പാരിനെ

കുളിരണിയിക്കുന്നതും നീ മാത്രമല്ലോ !


ഉരുകുന്ന മനസിന്റെ ഉള്ളം തണുപ്പിക്കാൻ

ഓടിയെത്തുന്നത് നീ മാത്രമല്ലേ


ഉരുകുന്ന മരുവുന്ന ഉലകിനെ കരയിക്കുന്നതും

ചിരിപ്പിക്കുന്നതും നിൻ മായാജാലമല്ലേ !


Comments


©2018 by Malayali Muslim Association of Canada (MMAC)

bottom of page