top of page
Dr.Saleema Hameed

സ്ഥാവര ജംഗമ സ്വത്തുക്കൾ



ബസ്സിൽ നിന്ന് ഇറങ്ങുമ്പോൾ നേരിയതായി മഞ്ഞു പെയ്യുന്നുണ്ടായിരുന്നു.


"ഹാവ് എ നൈസ് ഡേ"


ബസ് ഡ്രൈവറുടെ ശബ്ദം കേട്ടപ്പോൾ താങ്ക്യു പറയാൻ വിട്ടു പോയല്ലോ എന്ന് ഓർത്തു. തിരിഞ്ഞു നിന്ന് നന്ദി പറയുമ്പോഴേക്ക് ബസ്സിന്റെ ഡോർ അടയാൻ തുടങ്ങിയിരുന്നു. കനേഡിയൻ മര്യാദകളൊക്കെ പഠിക്കാൻ ഇനിയും എത്ര കാലമെടുക്കുമോ എന്ന് മനസ്സിൽ പിറുപിറുത്തു കൊണ്ട് മുന്നോട്ട് നടന്നു.


കാറ്റിൽ ഒഴുകി നടക്കുന്ന മഞ്ഞിൻ പൂക്കൾ തൊപ്പിയിലും വിന്റർ കോട്ടിലും വന്നു പതിച്ചു. അപ്പോൾ എന്നത്തേയും പോലെ കുട്ടിക്കാലത്ത് താമസിച്ച വാടക വീട്ടിന്റെ മുറ്റത്തെ കിളിമരത്തിൽ പടർന്ന് പന്തലിച്ച് കിടന്നിരുന്ന വയസ്സൻ മുല്ലയെയും അതിൽ നിന്ന് ഇടക്കിടെ പൊഴിഞ്ഞ് വീഴുന്ന മുല്ലപൂക്കളെയും ഓർത്തു. ഫ്ലറി എന്ന് പേരുള്ള ഈ മഞ്ഞിൻപൂവുകൾക്ക് മണമില്ല എന്ന് മാത്രം. ഫുട്പാത്തിൽ മഞ്ഞു മാറ്റി ഉപ്പ് ഇട്ടിട്ടുണ്ട്. അഞ്ചു മിനിറ്റ് നടന്നാൽ ജോലി സ്ഥലത്തെത്തും. നല്ല തെളിഞ്ഞ വെയിൽ പരന്നിട്ടുണ്ടു്, പ്രകാശമേറ്റ് ഇരുവശവുമുള്ള മഞ്ഞിൻ കൂമ്പാരങ്ങൾ വെട്ടിത്തിളങ്ങി.


സെക്കൻഡ് ഹാന്റ് സാധനങ്ങൾ വിൽക്കുന്ന കടയാണ് ജോലി സ്ഥലം. ആളുകൾ മരിക്കുമ്പോഴും വീട് മാറി പോകുമ്പോഴും ഫാഷൻ മാറുമ്പോഴും മററും പലരും തങ്ങൾക്ക് ആവശ്യമില്ലാത്ത വസ്തുക്കൾ അവിടെ കൊണ്ട് വന്ന് സംഭാവന ചെയ്യും. അവയിൽ നിന്നും നല്ലതും വിൽക്കാവുന്നവയും മാത്രം എടുത്ത് അത് വൃത്തിയാക്കി വില്പനയ്ക്ക് തയ്യാറാക്കുകയാണ് ജോലി. ഇങ്ങനെ ദാനമായിക്കിട്ടുന്ന വസ്തുക്കൾ വിറ്റ പണം പലതരം സാമൂഹിക സേവനങ്ങൾക്ക് ഉപയോഗിക്കുന്നു. ഫർണിച്ചർ, വസ്ത്രങ്ങൾ, അടുക്കള സാമാനങ്ങൾ, കർട്ടനുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഇലട്രോണിക് സാധനങ്ങൾ എന്നിങ്ങനെ പലതരം വസ്തുക്കൾ ഉണ്ടാവും. കെട്ടിടത്തിന്റെ മുൻഭാഗത്താണ് ഷോറൂം. കഴുകി വൃത്തിയാക്കിയ പഴയ സാധനങ്ങൾ ഭംഗിയായി നിരത്തി വച്ചിട്ടുണ്ട് അവിടെ. റീസൈക്ലിംഗിന്റെ ഏറ്റവും സുന്ദരമായ ഒരു മാതൃകയാണത്. ധാരാളം ചെറുപ്പക്കാർ അവ വാങ്ങാനായി എത്തുന്നത് കാണുമ്പോൾ സന്തോഷം തോന്നും. കടയുടെ പിൻഭാഗത്ത് ഒരു വാതിൽ ഉണ്ട്. സാധനങ്ങൾ കൊണ്ടു വരുന്ന ആളുകൾ ബെല്ലടിച്ചാൽ അവിടെ പോയി അവരുടെ കയ്യിൽ നിന്ന് അവ വാങ്ങണം. ചിലപ്പോൾ സാധനങ്ങൾ വണ്ടിയിൽ നിന്ന് ഇറക്കാനും മറ്റും സഹായിക്കേണ്ടി വരും.


വാനിറ്റി ബാഗ് ലോക്കറിൽ വെച്ച്, ഫ്ളൂറസന്റ് ജാക്കറ്റ് ധരിച്ച് ഗോഡൗണിലേക്ക് കയറുമ്പോൾ ക്ലോക്കിൽ ഒൻപത് ആകാൻ അഞ്ച് മിനിറ്റ്. പിറകെ സൂപ്പർവൈസർ കടന്നു വന്നു. ചെയ്യാനുള്ള ജോലികൾ പറഞ്ഞേൽപ്പിച്ച് അവർ മടങ്ങിപ്പോയി.


ആദിയുമായി ഹൈസ്കൂൾ മുതലുള്ള സൗഹൃദമാണ്. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹിതരാകാൻ തീരുമാനിക്കുന്നതിന് മുൻപ് തന്നെ ഇനി അധിക കാലം നാട്ടിൽ നില്ക്കാൻ താല്പര്യമില്ലെന്നും കാനഡയിലോ ആസ്ത്രേലിയയിലോ കുടിയേറാൻ ഉദ്ദേശിക്കുന്നുവെന്നും ആദി പറഞ്ഞിരുന്നു. അമ്മയും ബീനാന്റിയും ആദിയുടെ അടുത്ത രണ്ട് മൂന്ന് കൂട്ടുകാരും മാത്രമാണ് സബ് രജിസ്റ്റ്രാർ ഓഫീസിൽ ഉണ്ടായിരുന്നത്.


വിവാഹം കഴിഞ്ഞ ഉടൻ തന്നെ കാനഡയിലേക്കുള്ള കുടിയേറ്റത്തിനായുള്ള അപേക്ഷ കൊടുത്തു. മറുപടി കാത്തിരിക്കുന്നതിനിടയിലാണ് ആദിലിന് മൂന്നു കൊല്ലത്തെ കനേഡിയൻ കോൺട്രാക്റ്റ് ജോലി കിട്ടി എന്ന കാര്യം അറിഞ്ഞത്. കേട്ടപ്പോൾ സന്തോഷമാണോ സങ്കടമാണോ തോന്നിയത് എന്ന് പറഞ്ഞറിയിക്കാൻ വയ്യ. അമ്മയെ ഒറ്റയ്ക്കാക്കി നാടു വിട്ടു പോകുന്ന കാര്യം ആലോചിക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. വീട്ടുകാരുടെ ആരുടെയും സമ്മതമില്ലാതെ നടന്ന വിവാഹം ആദിയ്ക്ക് നാട്ടിൽ നിലക്കാനുള്ള ആഗ്രഹം പോലും ഇല്ലാതാക്കിയിരുന്നു. വാപ്പ മുൻപേ തന്നെ പോയിരുന്നു. ചുമതലക്കാരായ സഹോദരന്മാരും നിശബ്ദയായ ഉമ്മയും ഒരിക്കൽപ്പോലും വിളിക്കുകയോ വിവരങ്ങൾ അന്വേഷിക്കയോ ചെയ്തില്ല. അതൊക്കെ ആദിക്ക് വലിയ സങ്കടമായിരുന്നു. ഇഷ്ടമുള്ള ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചത് കൊണ്ട് അലിഞ്ഞു പോകുന്നതാണ് ആ ബന്ധങ്ങൾ എന്നത് ആദിക്ക് മനസ്സിലാക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു.


വിദേശത്ത് എവിടെയെങ്കിലും സ്ഥിര താമസമാക്കണമെന്നത് കുറേക്കാലമായി സംസാരിച്ചിരുന്ന കാര്യമാണെങ്കിലും ജോലി ശരിയായി എന്നറിഞ്ഞപ്പോൾ ഷോക്ക് ആണ് തോന്നിയത്. ആദ്യം ആദി പോകട്ടെ എന്ന് തീരുമാനിക്കാൻ തുടങ്ങുമ്പോൾ അമ്മ തന്നെയാണ് പറഞ്ഞത്.


"കല്യാണം കഴിഞ്ഞാൽ പിന്നെ ഭർത്താവ് എവിടെയാണോ അവിടെ നീയും ഉണ്ടാവണം, അതാണ് എൻറെ സന്തോഷം"


ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളർത്തി വലുതാക്കിയതിന്റെ പരാതിയോ അവകാശമോ ഒന്നും അമ്മയുടെ ശബ്ദത്തിൽ ഇല്ലായിരുന്നു.അച്ഛനെന്ന വ്യക്തി മാത്രമല്ല ആ വാക്കു പോലും വീട്ടിൽ ഒരിക്കലും സാന്നിദ്ധ്യം അറിയിച്ചില്ല.


“ഹൗ ആർ യൂ ?”


മരിയയുടെ ശബ്ദം കേട്ടാണ് ചിന്തകളിൽ നിന്നുണർന്നത്. ജോലി സ്ഥലത്തെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ് മരിയ. അവൾ ക്യാഷിലേക്ക് പോവുകയാണ്. അവിടെയാണ് ജോലി.


കറുത്ത ഗാർബേജ് ബാഗിലും കാർഡ് ബോഡ് പെട്ടികളിലുമായി ലഭിച്ച സാധനങ്ങൾ അടുക്കി വച്ച ഹാളിലേക്ക് കടന്നു. ഓരോന്നായി തുറന്ന് ജോലി തുടങ്ങി. നല്ല വസ്ത്രങ്ങൾ ആണ് കൂടുതലും. കേട് വന്നവ അതിനായുള്ള വലിയ കണ്ടെയ്നറുകളിലേക്ക് എറിഞ്ഞു. എന്തെല്ലാം സാധനങ്ങളാണ് മനുഷ്യർ വാങ്ങിക്കൂട്ടുന്നത് എന്ന് പലപ്പോഴും പെട്ടികൾ തുറക്കുമ്പോൾ തോന്നാറുണ്ട്. തുറന്നിട്ടില്ലാത്ത ധാരാളം സമ്മാനപ്പൊതികൾ പലപ്പോഴും കാണാം. സ്നേഹ സന്ദേശങ്ങളും ഒപ്പം ഉണ്ടാവും; പേരുകളും മറ്റും വായിക്കാൻ സമയം കിട്ടാറില്ല. പ്രധാനമായും വെള്ളക്കാർ താമസിക്കുന്ന സ്ഥലമായത് കൊണ്ടു് അവരുടെ വീട്ടുസാധനങ്ങളാണ് കിട്ടുന്നവയിൽ അധികവും. അമ്മ പറയാറുള്ളത് ഓർമ്മ വരും.


"ഒരു പ്രായം കഴിഞ്ഞാൽ ഇത്തരം വസ്തുക്കൾക്കൊന്നും ജീവിതത്തിൽ ഒരു പ്രാധാന്യവും ഇല്ല. ചെറുപ്പമായിരിക്കുമ്പോൾ ആഗ്രഹിക്കുന്നതൊക്കെ കിട്ടുന്നവരാണ് ഭാഗ്യവാന്മാർ. ആ സമയത്ത് ജീവിത പ്രാരാബ്ധങ്ങളും മറ്റുമായി ഓട്ടത്തിൽ ആയിരിക്കും. പിന്നെ തിരക്കൊഴിയുമ്പോൾ ഇവയ്ക്കാന്നും ഒരു വിലയും തോന്നുകയുമില്ല"


കൂടെ ജോലി ചെയ്യുന്നവർ അവർ എല്ലാവരും വെളുത്ത തൊലിക്കാരാണ്. കസ്റ്റമേഴ്സും അങ്ങനെതന്നെ. ജോലി തുടങ്ങിയ ആദ്യ ദിവസങ്ങളിൽ ഇരു നിറമുള്ള ആരെയും കൂട്ടിന് കിട്ടാത്തതിൽ വിഷമം തോന്നിയിരുന്നു. സ്വന്തം ഇഷ്ടത്തിനായി പഠിച്ച ബി.എ. ഇംഗ്ലീഷ് ആണ് തുണയായത്. ഉച്ചാരണത്തിൽ ഇന്ത്യൻ ചുവ ഉണ്ടെങ്കിലും ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ പറ്റിയത് ജോലി കിട്ടാൻ സഹായിച്ചു. ഉച്ചാരണ ശുദ്ധി ശരിയല്ലാത്തതിന് കോൺവെന്റിലെ സിസ്റ്ററുടെ കയ്യിൽ നിന്ന് കിട്ടിയ ചീത്തവിളികൾക്ക് കാനഡയിലെത്തിയ ശേഷം മനസ്സ് കൊണ്ട് നന്ദി പറഞ്ഞു.


ഈ ചെറിയ പട്ടണത്തിലെ ആകെയുള്ള ഒരു കമ്പനിയിലെ ഐടി ഡിപ്പാർട്ട്മെന്റിൽ ആണ് ആദിക്ക് ജോലി. നാട്ടിൽനിന്നു തന്നെ ഇൻറർനെറ്റിൽ സെർച്ച് ചെയ്തു ഒരു ചെറിയ വീട് കണ്ടുപിടിച്ചിരുന്നു. ഒരു വൃദ്ധ ദമ്പതികളുടെ വീടിൻറെ ബെയ്സ്മെൻറ് ആണ് താമസത്തിന് ലഭിച്ചത്. വീടിൻറെ ഏറ്റവും അടിത്തട്ടിൽ പകുതി ഭൂമിക്കടിയിലും പകുതി മുകളിലുമായുള്ള ബെയ്സ്മെൻറ് ആദ്യമായി കാണുകയായിരുന്നു. വെളിച്ചം അല്പം കുറവാണെന്നല്ലാതെ മറ്റെല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നു.


സൗജന്യമായി ഇൻറർനെറ്റ് ഉപയോഗിക്കാവുന്നത് കൊണ്ടു് ആദ്യം മുതൽ തന്നെ അടുത്തുള്ള ലൈബ്രറിയിൽ പോകുമായിരുന്നു. നോട്ടീസ് ബോർഡിൽ പലതരം ജോലികളുടെ പരസ്യങ്ങൾ കാണാം. അവിടെ നിന്നാണ് ഈ ജോലിയെപ്പറ്റി അറിഞ്ഞത്. ആദി ജോലിക്ക് പോയിക്കഴിഞ്ഞാൽ വീട്ടിൽ ഒറ്റയ്ക്കാവും. ഏകാന്തതയിൽ നിന്ന് രക്ഷപ്പെടാൻ ഒരിടവും, പിന്നെ കുറച്ച് പണവും അങ്ങനെ വലിയ ആശ്വാസമായിരുന്നു ജോലി.


വീട്ടുടമസ്ഥരായ ബെറ്റിയും ഡാനും വളരെ സഹായമനസ്ഥിതി ഉള്ളവരായിരുന്നു. എന്ത് ആവശ്യം ഉണ്ടായാലും എപ്പോൾ ആയാലും വിളിക്കണം എന്ന് ആദ്യമേ തന്നെ പറഞ്ഞിരുന്നു. ബെറ്റിയ്ക്ക് ബേക്കിംഗ് വളരെ ഇഷ്ടമാണ്. ഇടയ്ക്ക് സ്വന്തമായുണ്ടാക്കിയ കേക്കും കുക്കികളും ആയി വരും. ആദ്യമൊന്നും വീട്ടിനകത്തേക്ക് വരില്ലായിരുന്നു. പതിയെ പതിയെ ആ അപരിചിതത്വം അലിഞ്ഞു പോയി. ഇടക്ക് അധികം മസാല ഇല്ലാതെയുള്ള എന്തെങ്കിലും ഉണ്ടാകുമ്പോൾ കുറച്ച് അവർക്കും കൊണ്ടു പോയി കൊടുക്കും.


കാനഡയിൽ എത്തി മൂന്ന് നാല് മാസം കഴിഞ്ഞപ്പോൾ കോവിഡ് വ്യാപനത്തിന്റെ വിവരങ്ങൾ കേട്ടു തുടങ്ങി. മാസ്കും ഗ്ലൗസും ഹാന്റ് സാനിറൈറസറും സാമൂഹിക അകലം പാലിക്കലും ഒക്കെയായി ജോലി മുന്നോട്ടു പോയി. അമ്മ കോളേജിലെ ജോലിയും മറ്റ് തിരക്കുകളുമായി ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു താമസം. വാട്സാപ്പിൽ എപ്പോഴും സംസാരിക്കാനും കാണാനും പറ്റുന്നത് കാരണം അമ്മ സന്തോഷവതിയായിരുന്നു. ഇടനേരങ്ങളിൽ ഫോണിലെ ക്യാമറ ഓൺ ചെയ്തു ജോലി സ്ഥലവും മറ്റും കാട്ടിക്കൊടുക്കും. കോളേജിലെ ലൈബ്രറിയിൽ നിന്ന് കൊണ്ടുവന്ന പുതിയ പുസ്തകങ്ങൾ അമ്മ കാണിച്ചു തരും. ഏറ്റവും ഇഷ്ടപ്പെട്ട ചില വരികൾ വായിച്ചു തരും. യൂട്യൂബിൽ നോക്കി ഉണ്ടാക്കിയ പുതിയ വിഭവങ്ങൾ കാട്ടിത്തരും. ചിലതിന്റെ ഫോട്ടോ അയച്ചു തരും.


"കൊതിപ്പിക്കല്ലേ അമ്മേ, ഇവിടെ മുളകുപൊടി കിട്ടുന്ന ഒരു കട തന്നെ വളരെ ബുദ്ധിമുട്ടിയാണ് കണ്ടു പിടിച്ചത്"


പരാതി പറയുമ്പോൾ 'സാരമില്ല' എന്ന ശബ്ദം പുറകേ കേൾക്കാം. ധാരാളം തിക്താനുഭവങ്ങളിൽ കൂടി കടന്നു പോയെങ്കിലും ശുഭാപ്തി വിശ്വാസത്തിൻറെ പുതപ്പ് അമ്മ എപ്പോഴും എടുത്തണിഞ്ഞിരുന്നു. ഒരുപക്ഷേ അതായിരിക്കും അവരെ ഇതുവരെ എത്തിച്ചത്. ബീനാന്റി അമ്മയുടെ കോളേജ് കാലം മുതലേയുള്ള കൂട്ടുകാരിയാണ്. രണ്ട് പേരും ഒന്നിച്ചാണ് ഷോപ്പിംഗും മറ്റും. പലപ്പോഴും അവരുടെ ഒപ്പം കൂടും. ചെറിയ കുട്ടിയായിരിയുമ്പോൾ സാരികളുടെ എക്സിബിഷന് പോയത് ഇപ്പോഴും ഓർമ്മയുണ്ട്. കൂട്ടുകാരികൾ രണ്ടും വളരെ സന്തോഷത്തോടെ സാരികൾ ദേഹത്ത് ചേർത്ത് വച്ച് അങ്ങോട്ടുമിങ്ങോട്ടും അഭിപ്രായം ചോദിക്കുന്നതും അവസാനം കുറേ കോട്ടൺ സാരികളുടെ പൊതിയുമായി മടങ്ങുന്നതും ഒക്കെ ഇന്നും തെളിഞ്ഞ ഓർമ്മകൾ. വർഷങ്ങൾ മുന്നോട്ട് പോയപ്പോൾ അത്തരം യാത്രകൾ കുറഞ്ഞു. ബർത്ത്ഡേക്ക് സാരി സമ്മാനമായി കൊടുത്താൽ അമ്മ അത് എന്നെങ്കിലും നിർബന്ധിച്ചാൽ മാത്രമേ ഉടുക്കുകയുള്ളു. പിൽക്കാലത്ത് കൂട്ടുകാരികളുടെ യാത്രകൾ അധികവും ലൈബ്രറിയിലേക്കോ പുസ്തകക്കടകളിലേക്കോ ആയിരുന്നു.


ഒരു ദിവസം വിളിച്ചപ്പോൾ ഇപ്പോൾ ചെറിയ പനിയും ദേഹം വേദനയും ഉണ്ടെന്ന് പറഞ്ഞു. പിറ്റേന്ന് വിളിച്ച് ഡോക്ടറെ കാണാൻ പറഞ്ഞു.


"ഒന്നും പേടിക്കാനില്ല എന്തെങ്കിലും ബുദ്ധിമുട്ട് തോന്നിയാൽ ഞാൻ ആശുപത്രിയിൽ പോകാം. ബീന ഇവിടെയുണ്ടല്ലോ?"എന്ന് സമാധാനിപ്പിച്ചു.

അടുത്ത ദിവസം വിളിച്ചിട്ട് കിട്ടാതായപ്പോഴാണ് ബീനാൻറിയെ വിളിച്ചത്. ഹോസ്പിറ്റലിൽ നിന്നാണ് ആന്റി സംസാരിച്ചത്


"ഞാൻ നിന്നെ വിളിക്കാൻ തുടങ്ങുകയായിരുന്നു."


അമ്മയെ വീട്ടിൽ ബോധം കെട്ട് കിടക്കുന്നതായി കണ്ടുവെന്നും ഹോസ്പിറ്റലിൽ കൊണ്ടു വന്ന് അവർ കഴിയുന്നത ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നും കരച്ചിലിനിടയിലൂടെ ആന്റി പറഞ്ഞു തീർത്തു.


"കോവിഡ് കാലം ആയതുകൊണ്ട് ആശുപത്രിയിൽ നിന്നും നേരിട്ട് ക്രിമറ്റോറിയത്തിലേക്ക് കൊണ്ടു പോകണം എന്നാണ് പറഞ്ഞിരിക്കുന്നത്. ആരും വരാനില്ലല്ലോ, അല്ലേ?”


ഒന്ന് മൂളാനേ കഴിഞ്ഞുള്ളൂ. സ്വന്തം ഇഷ്ടപ്രകാരം നടത്തിയ കല്യാണത്തിന് ശേഷം ബന്ധം മുറിച്ച വീട്ടുകാരെയും, എവിടെയാണെന്ന് അറിയാത്ത അച്ഛനെയും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ലല്ലോ.


"ബോഡി കാത്തു വയ്ക്കാൻ അനുവാദം ഇല്ല മോളെ, കാനഡയിൽ നിന്നും ഈ സമയത്ത് നിനക്ക് അടക്കത്തിന് മുൻപ് എത്താൻ പറ്റുമോ? "


നടക്കാൻ സാദ്ധ്യതയില്ലാത്ത കാര്യമാണെന്ന് അറിഞ്ഞു കൊണ്ടു് ചോദിച്ച ചോദ്യത്തിന് മൗനം കൊണ്ട് ഉത്തരം നൽകി. കോവിഡ് പാൻഡെമിക്കിന്റെ ആദ്യകാലം ആയിരുന്നത് കൊണ്ട് എല്ലാവരും ഭീതിയിലായിരുന്നു. ബീനാൻറിയും മറ്റ് രണ്ടോ മൂന്നോ സഹപ്രവർത്തകരും മാത്രമേ ക്രിമറ്റോറിയത്തിൽ ഉണ്ടായിരുന്നുള്ളു എന്ന് പിന്നീട് അറിഞ്ഞു. അത് കൃത്യം എട്ട് മാസം മുൻപായിരുന്നു.


പരിചയക്കാർ ആരും ഇല്ലാത്ത വീട്ടിൽ ഒറ്റക്കിരുന്നാൽ കൂടുതൽ വിഷമമാകുമെന്ന് പറഞ്ഞ് മരണം കഴിഞ്ഞ് ഒരാഴ്ചയായപ്പോൾ ആദി തന്നെയാണ് നിർബന്ധിച്ച് ജോലിക്ക് പറഞ്ഞയച്ചത്. ഒരു തരത്തിൽ മടങ്ങി വന്നത് നന്നായി. കൂടെ ജോലി ചെയ്യുന്ന എല്ലാവരും വന്ന് അനുശോചനങ്ങൾ അറിയിച്ചു. അമ്മയുടെ മരണം കഴിഞ്ഞ് ഒന്ന് രണ്ട് മാസം കഴിഞ്ഞ് ഒരിക്കൽ ബീനാന്റി സംസാരിക്കുമ്പോൾ അമ്മ താമസിച്ചിരുന്ന അപാർട്ട്മെന്റ് സംസാര വിഷയമായി. കോളേജിന് അടുത്തായത് കൊണ്ടു് പലരും വാടകക്ക് ചോദിക്കുന്നുണ്ടത്രേ. ആദ്യം സങ്കടം തോന്നിയെങ്കിലും പിന്നീട് ഒന്ന് രണ്ട് മാസങ്ങൾ കഴിഞ്ഞപ്പോൾ അതിന് ഒരു തീരുമാനമായി. അമ്മയുടെ സാരികളും മറ്റു സാധനങ്ങളും ഒരു ചാരിറ്റി സ്ഥാപനത്തിന് കൈമാറി. ഫർണിഷ്ഡ് അപാർട്ട്മെന്റ് ആയത് കൊണ്ട് അമ്മയുടെ കോളേജിൽ ജോലി ചെയ്യുന്ന ഒരാൾ തന്നെ വാടകക്കാരനായി എത്തി.


മിക്കവാറും ഷിഫ്റ്റുകളിൽ മരിയയാണ് ഒപ്പമുണ്ടാകുന്നത് ചില ദിവസങ്ങളിൽ അവൾ ഒരു കപ്പ് കാപ്പി അധികം വാങ്ങി വരും. ഇത് നിനക്ക് ആണെന്ന് പറഞ്ഞു മേശപ്പുറത്തു വച്ചു പോകും. കോഫി റൂമിലുള്ള ഉള്ള മൈക്രോവേവിൽ അത് ചൂടാക്കി അല്പാല്പമായി കുടിക്കും. ബ്രേക്കിന് ഇടയിൽ അവൾ വന്നു വിശേഷങ്ങൾ പറയും.


മരിയ പോയി കഴിഞ്ഞപ്പോഴാണ് അടുത്ത കാർഡ്ബോർഡ് പെട്ടി തുറന്നത്. അധികം കേടുവരാത്ത തുണികളും ഷീറ്റുകളും മറ്റും കഴുകാൻ ഇട്ടു. പാത്രങ്ങൾ പുസ്തകങ്ങൾ, മുത്തുമാലകൾ, തുടങ്ങിയവ ഒരോന്നിനും പ്രത്യേകമായുള്ള പെട്ടികളിലേക്ക് ഇട്ടു. ഏറ്റവും അടിയിൽ ഒരു പ്ലാസ്റ്റിക് കവർ. തുറന്നു നോക്കുമ്പോൾ അകത്ത് ഒരു പട്ടുസാരിയാണ്. ചന്ദന നിറത്തിൽ അങ്ങിങ്ങ് കസവ് പൊട്ടുകൾ ഉള്ള ഒരു ബനാറസ് സാരി. കസവിന്റെ നിറം മങ്ങിയിരിക്കുന്നു. സാരി പതുക്കെ നിവർത്തി. മടക്കുകൾക്കിടയിൽ നിന്നും ഒരു പഴയ കല്യാണക്കുറിയും നിറം മങ്ങിയ ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയും താഴേക്ക് വീണു. 1980 ഫെബ്രുവരി 10ന് വിവാഹിതരായ തൃശ്ശൂർക്കാരായ മലയാളികൾ ആണ് ചിത്രത്തിൽ. വരൻ ഗോപകുമാർ, വധു ശാരദ. 40 വർഷം പഴക്കമുള്ള ആ ഫോട്ടോ കൈയിലിരുന്ന് വിറച്ചു. വിവാഹ വേഷത്തിലുള്ള വധു ഉടുത്തിരിക്കുന്ന സാരിയാണ് കയ്യിൽ.


അമ്മയുടെ പെട്ടിയുടെ അടിയിൽ ഒരിക്കൽ കണ്ട സാരി ഓർമ്മ വന്നു. എന്തോ തിരഞ്ഞു ചെന്നപ്പോൾ അമ്മയുടെ അലമാരയിൽ സാരികളുടെ ഏറ്റവും അടിയിൽ കണ്ടതാണ്. വിവാഹം മറക്കപ്പെടേണ്ട അദ്ധ്യായമായി മാറിയിരുന്നെങ്കിലും വിവാഹസാരി അമ്മ സൂക്ഷിച്ചു വച്ചു. ഒരിക്കലും അത് ധരിച്ചു കണ്ടിട്ടില്ല. അതിനെപ്പറ്റി ചോദിക്കാനുള്ള ധൈര്യം ഉണ്ടായില്ല എന്നതാണ് സത്യം . എല്ലാ കാര്യങ്ങളും സംസാരിച്ചിരുന്നു എങ്കിലും ഈ വിഷയം എടുത്തിട്ടാൽ അമ്മ ഏതുവിധത്തിൽ സ്വീകരിക്കുമെന്ന് ഉറപ്പില്ലാത്ത കൊണ്ട് പലപ്പോഴും നാവിൻതുമ്പിൽ വരെ എത്തിയിട്ടുണ്ടെങ്കിലും ചോദിക്കാൻ സാധിച്ചിട്ടില്ല. ഒരുപക്ഷേ അവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് ബീനാൻറിക്ക് അറിയാമായിരിക്കും. അമ്മ എന്തുകൊണ്ടായിരിക്കും അത് കാത്തു വെച്ചത് എന്ന ചോദ്യം തലയിൽ ചുറ്റിത്തിരിഞ്ഞു കൊണ്ടിരുന്നു.


അങ്ങിങ്ങ് തുളവീണ ആ സാരിയും കല്യാണക്കുറിയും ഫോട്ടോയും ഇനി ഉപയോഗിക്കാൻ കഴിയാത്ത സാധനങ്ങൾ ഇടുന്ന വലിയ പെട്ടിയിൽ നിക്ഷേപിച്ച ശേഷം അടുത്ത പെട്ടി തുറന്നു.

15 views0 comments

Related Posts

See All

Comentários


bottom of page