എഴുത്തുകാരനഉം സാമൂഹ്യ പ്രവർത്തകനുമായ എൻ.പി. ഹാഫിസ് മുഹമ്മദ് എഴുതുന്ന കനേഡിയൻ വിശേഷങ്ങൾ
പല ദേശങ്ങളിൽ യാത്ര ചെയ്തവർക്കും ചിലതിനോടു് പ്രത്യേകമായ ഒരു മമതയുണ്ടാകും. വൈയക്തികമായ കാരണങ്ങൾ കൊണ്ടാവാമത്. ചിലപ്പോൾ സാമൂഹികമോ രാഷ്ട്രീയമായോ ആയ കാര്യങ്ങളാലാകും. അങ്ങനെയൊരു തിരഞ്ഞെടുപ്പിന്റെ വേരുകളോ ഇഷ്ടത്തിന്റെ കരണങ്ങളോ അത്രയെളുപ്പമൊന്നും കണ്ടെത്താനുമാവില്ല. എന്തു് കൊണ്ട് അങ്ങകലെ കിടക്കുന്ന കാനഡ എനിക്ക് പ്രിയപ്പെട്ട ദേശമായി?
മഞ്ഞുമൂടിക്കിടക്കുന്ന രാജ്യമാണ്, ഏറെക്കുറെ നാലഞ്ചു മാസങ്ങളിലെങ്കിലും. മൈനസ് പത്തിനപ്പുറം പലേടങ്ങളിൽ നിന്നുമറിഞ്ഞ ഒരു ഋതു കാലത്തണ് യാത്രയും സന്ദർശനവും. അധികമൊന്നും സ്ഥലങ്ങളോ സ്ഥാപനങ്ങളോ കാനഡയിൽ മഞ്ഞുകാലമായതുകൊണ്ടും യാത്രാ ദൗത്യം കുടുംബപരമായതുകൊണ്ടും സാദ്ധ്യമായിട്ടില്ല. ദേശത്തിന്റെ സാമൂഹികമോ സാംസ്കാരികമോ ആയ ഘടകങ്ങളെ ആവോളം സ്വംശീകരിക്കാനും കഴിഞ്ഞിട്ടില്ല. എന്നിട്ടും കാനഡ എന്റെ ഇഷ്ട ദേശങ്ങളുടെ പട്ടികയിൽ പെടുന്നു. എന്തുകൊണ്ടെന്ന് അന്വേഷിക്കുമ്പോൾ ചില കാര്യങ്ങൾ പൊന്തി വരുന്നു.
മകൾ യാരിയും ഭർത്താവ് സജിത്ത് റോഷനും (ഞങ്ങൾ കൊച്ചു എന്ന് വിളിക്കുന്നു) ജീവിക്കാൻ തിരഞ്ഞെടുത്ത ഇടം എന്നതുകൊണ്ട് മാത്രം കാനഡ ഇഷ്ടപ്പെടണമെങ്കിൽ ക്യാനഡയ്ക്കുമുന്പ് അഞ്ചു വര്ഷക്കാലത്തോളം അവർ കഴിഞ്ഞ ദുബായിയും ഇഷ്ടപ്പട്ടികയിൽ വരേണ്ടതല്ലേ? അതില്ലാതാനും. ക്യാനഡയുടെ മഞ്ഞും തണുപ്പുമായുള്ള പ്രിയത്തിനു കാരണം ഒരു പക്ഷേ ഞാനിവിടെ വെച്ച് മുത്തച്ഛനായതിന്റെ ആഹ്ളാദമാവണം. മകൾ യാരി പൂർണ്ണ ഗർഭിണിയായി ടൊറൊന്റോവിലിരിക്കും കാലത്താണ്, ഡിസംബറിന്റെ കൊടും തണുപ്പിൽ പിയേഴ്‌സൺ എയർപോർട്ടിൽ വിമാനമിറങ്ങുന്നത്. ശരിയാണ്, മുത്തച്ഛനാകുന്ന സൗഭാഗ്യവും പിന്നീടുള്ള മാസത്തെ പേരമകൾ എസ്രക്കൊപ്പമുള്ള സഹവാസവും മനസ്സിലുണ്ടു്. ഉയരങ്ങളിലെ മുറിയിലിരുന്നു് കണ്ണാടിച്ചില്ലിനപ്പുറം വെളുത്ത പൂമ്പാറ്റകളെപോലെ മഞ്ഞുകണങ്ങൾ താഴെ വീഴുന്ന സ്വപ്നസദൃശ്യമായ കാഴ്ചപോലെ, മുത്തച്ഛനായ അനുഭവം മറന്നിട്ടില്ല. ക്രിസ്തുമസ് രാവിന് മുന്നിലുള്ള രാത്രിയിലായിരുന്നു എസ്രയുടെ പിറവി. എസ്രയുടെ ജന്മവും അതു നടന്ന മഞ്ഞിൻദേശവും എനിക്കിഷ്ടമാണ്.
മഞ്ഞു വയലുകളെന്ന അത്ഭുതം
മഞ്ഞുവയലുകൾ ഞാൻ കണ്ടത് ഹാമിൽട്ടണിലാണ്. സജിത്തിന്റെ സുഹൃത്ത് കോഴിക്കോട്ടുകാരനായ സജിത് ബക്കറും ഭാര്യ ഷൈനിയുമാണ് എന്നെ ഹാമിൽട്ടണിലേക്കു ക്ഷണിച്ചത്. എന്റെ സുഹൃത്ത് മാമുവിന്റെ മകൻ ഫൗസാനും ഒപ്പമുണ്ടായിരുന്നു. മറക്കാനാവാത്ത മഞ്ഞുയാത്രയായിരുന്നു അത്. ആ യാത്ര ആകസ്മികമായ രണ്ടു കാര്യങ്ങൾക്കു കൂടി കാരണമായി. ഹാമിൽട്ടണിൽ ജോലിയെടുക്കുന്ന ഡോ. സാബിർ കാലിനു പരിക്ക് പറ്റിക്കിടപ്പായിരുന്നു. സാബിറിനെ കാണുകയെന്നതായിരുന്നു പ്രധാന ഉദ്ദേശ്യം. അവിടെയെത്തിയപ്പോഴാണ് മനസ്സിലാക്കുന്നത് സാബിർ സന്നദ്ധസേവാ സംഘടനയിലെ സഹപ്രവർത്തകൻ ഡോ. വീരാൻകുട്ടിയും ഞാനും എഡബ്ലിയുഎച്ചിൽ പ്രവർത്തിച്ചത് ഒരേകാലം. ഞാൻ ഫാറൂഖ് കോളേജിലെ ജോലി കഴിഞ്ഞു, മദ്യത്തിനും മയക്കുമരുന്നിനും കീഴ്പെട്ടവരെ ചികിത്സിക്കുകയും ബോധവൽക്കരണ പരിപാടികൾ നടത്തുകയും ചെയ്യുന്ന സുരക്ഷാ ആശുപത്രിയോടു ചേർന്ന ഒരു മുറിയിലായിരുന്നു ഡോ. വീരാൻകുട്ടി താമസിച്ചിരുന്നത്. അദ്ദേഹം ജോലിയെടുത്തത് എഡബ്ലിയുഎച്ചിൻറെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ. ഞാൻ സുരക്ഷയുടെ ഓണററി ഡയറക്ടർ. സാബിർ എന്റെ ഭാര്യ തായിയുടെ എളാമയുടെ മകനും കൂടിയായിരുന്നു. സാബിറിന്റെ ഭാര്യ സീമ കോളേജിലെ പഠിപ്പിക്കാതെ പ്രിയപ്പെട്ട വിദ്യാർത്ഥിയായ കെ.സി.റിയാസിന്റെ സഹോദരിയും. ആ സന്ദർശനം ഇരട്ട ഭാഗ്യമാണ് എനിക്ക് സമ്മാനിച്ചത്. ഈ ബന്ധങ്ങളുടെ നിറവിലായിരുന്നു സീമായൊരുക്കിയ ഉച്ചഭക്ഷണം.
ഒരു കൊച്ചു അങ്ങാടിയും അതിനു ചുറ്റുമുള്ള വാസകേന്ദ്രവുമായാൽ ഞാൻ കണ്ട ഹാമിൽട്ടൺ പൂർണ്ണമായി.കാണാനെവിടെ, സകലതും മഞ്ഞുകൂടിക്കിടപ്പായിരുന്നവിടെ. ആളുകളധികം പുറത്തു കാണാറില്ല.ടോറോന്റോപോലെ ആകാശം തുളയ്ക്കുന്ന കെട്ടിടസമുച്ചയങ്ങളില്ല.ഏതോ പഴയ കൗബോയ് സിനിമയിൽ കണ്ട ഒരു പട്ടണചത്വരമായിരുന്നു എനിക്ക് ഹാമിൽട്ടൺ. ഞാനാണെങ്കിൽ കാണാൻ പോകുന്ന സ്ഥലങ്ങളെക്കുറിച്ച് വിവരശേഖരണം തീരെ നടത്താറില്ല.അത് യാത്രയുടെ കൗതുകം നഷ്ടപ്പെടുത്തുമെന്നും , മുൻവിധികൾ വഴിതെറ്റിക്കുമെന്നും ഞാൻ കരുതുന്നു.ഹാമിൽട്ടണിലും തൊട്ടടുത്തും ഞാൻ മഞ്ഞുവയലുകൾ കണ്ടു. സ്വിറ്റസർലന്റിലോ ആസ്ട്രിയയിലോ ജർമ്മനിയുടെ ഉൾഭാഗങ്ങളിലോ ഞാൻ മഞ്ഞുവയലുകൾ കണ്ടിട്ടില്ല. ഉറഞ്ഞ തിരമാലകൾ പോലെ വരമ്പുകളിലായി മഞ്ഞു മാത്രം. വരമ്പുകളിൽ വരിയൊപ്പിച്ച് ഉണങ്ങിത്തൂങ്ങിയ ചെടികൾ. അണിയൊപ്പിച്ച് മരക്കോലുകളിൽ ജീവൻ നിലനിർത്തി വരിവരിയായി നിൽക്കുന്ന ഉണക്കച്ചെടികൾ. ഇലയില. പൂവില്ല. പച്ചപ്പൊട്ടുമില്ല. നാളെ ഏതോ ഒരു കാലം പച്ചപ്പായ് മാറാനും പൂക്കൾ വിരിയിക്കാനും കായ്കൾ വിളയിക്കാനും തപസ്സിരിക്കുന്ന ചെടികൾ. ഏതാണാവോ എനിക്കറിയാത്ത ഈ ചെടികൾ? ഹരിതാഭയും പൂവും കായ്കളും കോശങ്ങളിലൊളിപ്പിച്ചുവെച്ച ഊർജ്ജവുമായി ധ്യാനതപസ്സിലിരിക്കുകയാണ് മഞ്ഞുവയൽച്ചെടികൾ. അതൊരു വിസ്മയകരമായ കാഴ്ചയായിരുന്നു എനിക്ക്.
നയാഗ്രയും ബോക്സർമാരുടെ ദിനവും
കൊച്ചു എന്നെ കൊണ്ടുകാണിച്ച രണ്ടിടങ്ങൾ എനിക്ക് വലിയ അത്ഭുതങ്ങളായിരുന്നു. അമേരിക്കൻ കരയിൽ നിന്ന് ഞാൻ നയാഗ്ര വെള്ളച്ചാട്ടം കണ്ടിട്ടുണ്ട്. ആ യാത്ര 2002 ൽ. എന്റെ പ്രിയസുഹൃത്ത് താഹിറിനും ഭാര്യ ഷർമ്മിക്കും മക്കൾക്കുമൊപ്പമായിരുന്നു ആ സന്ദർശനം. അത്ഭുതകരമായിരുന്നു അമേരിക്കൻ നയാഗ്ര. അന്ന് നയാഗ്രപുഴയിലൂടെ ബോട്ടിൽ പോകുമ്പോൾ, വെള്ളച്ചാട്ടത്തിനടുത്തേക്ക് പോകുമ്പോൾ ഒരു കരയിലേക്ക് വിരൽചൂണ്ടി താഹിർ പറഞ്ഞിരുന്നു അതാണ് കാനഡ.അന്ന് എനിക്കുയരേയായിരുന്നു കാനഡ. പത്ത് വർഷം കഴിഞ്ഞു ഞാൻ കാനഡയിൽ നിന്ന് നയാഗ്രകാണുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. കൊച്ചു താഴേക്കു വിരൽചൂണ്ടിപ്പറഞ്ഞു അതാണ് അമേരിക്ക.ഒരു സന്ധ്യയിൽ ടോറോന്റോവിൽ നിന്ന് അധികം ദൂരത്തല്ലാത്ത കാനഡയുടെ നയാഗ്രയിലെത്തിയപ്പോൾ, ആ ജലനിപാതം എനിക്ക് ഒരു നിഗൂഢതയായിരുന്നു. ഒരു വെള്ളച്ചാട്ടം രണ്ട് ദേശങ്ങളിൽ നിന്ന്, രണ്ടുയരങ്ങളിൽനിന്ന് കാണുമ്പോൾ രണ്ട് കാഴ്ചകളായിരുന്നു. എനിക്ക് നിഗൂഢതയുടെ അത്ഭുതമായി മാറി നയാഗ്ര.
കൊച്ചുവിനൊപ്പം അപ്രതീക്ഷിതമായി ലഭിച്ച ഒരു പകൽ ഓർമ്മയിലെന്നുമുണ്ടാകും. ബോക്സേഴ്സ് ഡേ.ക്രിസ്തുമസ് നാൾ സെൻറ്.മൈക്കൽസ് ആശുപത്രിയുടെ വരാന്തയിലിരിക്കുമ്പോഴാണ് കൊച്ചു ചോദിച്ചത് ഉപ്പ ബോക്സേഴ്സ് ഡേയ്ക്ക് വരുന്നുവോ? എന്താണത്, ഗുസ്തി മത്സരമോ?കൊച്ചു ചിരിച്ചു: ഡിസംബർ 26 വ്യാപാരകേന്ദ്രങ്ങൾ പലവിധ ഇളവുകളോടെ വില്പന നടത്തുന്നു. അത്ഭുതപ്പെടുത്തുന്ന ഡിസ്‌കൗണ്ടുകളും ഓഫറുകളുമായിരിക്കും . ഒരൊറ്റ ദിവസം മാത്രം. ആളുകളിടിച്ചുകേറി വാങ്ങിക്കൂട്ടുന്നത് കാണാം. കേട്ടുകേൾവിപോലുമില്ലാത്ത കാര്യം. കീഴൂർ ചന്തയിൽ നിന്ന് മൺചട്ടിയും മറ്റും വാങ്ങി വെക്കുന്നത് തായി പറഞ്ഞിട്ടുണ്ട്. കണ്ടിട്ടുണ്ട്.ഉത്സവദിനങ്ങളിലെ ആനുകൂല്യങ്ങൾ അനുഭവിക്കാൻ നാട്ടിൽ വ്യാപാരകേന്ദ്രങ്ങളിൽ പോകുന്നതും കണ്ടിട്ടുണ്ട്. ബോക്സേഴ്സ് ഡേ ഒരു ദിനം തന്നെ. വില്പനയ്ക്കും വാങ്ങലിനും മാത്രമായോരു നാൾ. അതിരാവിലെയോ തലേന്ന് രാത്രി തന്നേയുമോ ആളുകൾ അവർക്കിഷ്ടപ്പെട്ട വസ്തുവകകൾ വാങ്ങാനുള്ള ഷോപ്പുകൾക്കു മുന്നിൽ ഇടംപിടിക്കുന്നു.ഷട്ടർ തുറക്കുംനേരം ഇടിച്ചു കേറുന്നു. ഞങ്ങൾ ആ പകൽ പല മാളുകളിലും മാർക്കറ്റുകളിലും അലഞ്ഞു. എനിക്കതൊരു വിദ്യാഭ്യാസമായിരുന്നു.വിൽക്കുന്നവരും വാങ്ങുന്നവരും ഒരുപോലെ അർമ്മാദിക്കുന്നതും ആഹ്ളാദിക്കുന്നതും ഞാൻ നേരത്തെ കണ്ടിട്ടില്ല. ആഹ്‌ളാദം കച്ചവടകേന്ദ്രങ്ങളിൽ ഈവിധം തിളച്ചു മറിയുന്നത് ഞാൻ അറിഞ്ഞിട്ടില്ല. ഉപഭോഗത്തിനും ഒരു ഗുസ്തി. അതിനായൊരു നാൾ.
------------ശേഷം ഭാഗം രണ്ടിൽ--------------
Comentários