top of page

മറയുന്ന കാഴ്ചകൾ , മായാതെ ഓർമ്മകൾ

Writer's picture: ParvathyParvathy


“റമദാൻ" വ്രതശുദ്ധിയുടെ മാസമാണ്. റമദാനിലേക്കിനി വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രം. റമദാനിനെപറ്റി ഓർക്കുമ്പോൾ ആവേശം എന്നും ചെറിയ പെരുന്നാളിനെപറ്റി കുറിക്കാൻ തന്നെയാണ് . പെരുന്നാളിന് സുഹൃത്തുക്കളുടെ വീട്ടിൽ വിരുന്നിന് പോവാലോ എന്നത് തന്നെ ആവേശം . ചെറുപ്പം മുതൽ പല മതവിഭാഗങ്ങളിൽ നിന്നുള്ള സുഹൃത്തുക്കൾ ഉണ്ടായിരുന്നതിനാൽ പെരുന്നാളുകളെന്നും ഞങ്ങളൊരുമിച്ച് ആരുടെയെങ്കിലും വീട്ടിൽ ഒത്തുചേരും . കളികളും മാത്രമാണ് അന്നത്തെ മനസ്സിലുണ്ടായിരുന്ന പെരുന്നാളും റമദാനും എല്ലാം. കാലം മാറുമ്പോൾ, അഥവാ പ്രായം കൂടുമ്പോഴാണ് വ്രതത്തിന്റെ പ്രാധാന്യം അതിലേറെയാണെന്നും വർഷത്തിലെ ഏറ്റവും പുണ്ണ്യദിനങ്ങളാണ്, വ്രതമെടുത്ത് പാവപ്പെട്ടവന്റെ, പട്ടിണിക്കാരുടെ മനസ്സറിയാൻ, അവസ്ഥയറിയാൻ സർവശക്തൻ നൽകിയ പുണ്ണ്യമാസമാണ് പരിശുദ്ധ റമദാൻ എന്ന് മനസ്സിലാക്കുന്നത് .

പെരുന്നാൾ ഓർമ്മകൾ വിസ്മരിക്കാനാവാത്തതാണ്. ചെറുപ്പം മുതൽ വീട്ടിൽ പെരുന്നാളാഘോഷിച്ച ഓർമയില്ല. സുഹൃത്തിന്റെ തറവാട്ടിലാണ് ഞങ്ങളുടെ ഒത്തുചേരൽ. അതൊരു അനുഭവം തന്നെയാണ്, ആഘോഷമാണ്. എല്ലാവരും ഒരുമിച്ചിരുന്ന് നിലത്ത് പായ് വിരിച്ച് ഇലയിലാണ് ചോറ് തിന്നുന്നത്. “ചോറോ? ബിരിയാണി ഒന്നും തിന്നില്ലേ?” എന്ന ചോദ്യം അന്നുമുതൽ കേട്ടിരുന്നു. അവളുടെ തറവാട്ടിലെ പെരുന്നാളിന് ബിരിയാണി കഴിച്ചതായി ഞാൻ ഓർക്കുന്നില്ല. തേങ്ങാച്ചോറും ബീഫും പച്ചക്കറി വിഭവങ്ങളും ആയിരുന്നു താരങ്ങൾ. പിന്നെ കുട്ടിക്കാലത്തെ ഒഴിച്ചുമാറ്റാനാവാത്ത പപ്പടവും. മറ്റൊരു മതത്തിൽ ജനിച്ചതിനാലും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളിൽ പച്ചക്കറികൾക്ക് മുൻ‌തൂക്കം നൽകുന്നതിനാലും അന്നുതൊട്ടേ എന്റെ ഹൃദയം കീഴടക്കിയിരുന്നത് ആ തേങ്ങാചിരുന്ന ബീഫും തന്നെയാണ്. എല്ലാവരും കൂടെ ചേർന്നു ഇത് ഉണ്ടാകുന്നത് കാണാൻ തന്നെ ഒരു ചേലായിരുന്നു. അതെ! ഗ്രാമത്തിന്റെ ഭംഗിയിൽ, ഒരു മതത്തിന്റെ ആഘോഷമല്ല അവിടെ. അതൊരു കൂട്ടായ്മയുടെ ആഘോഷമായിരുന്നു. ചാമനും, ചക്കിയും, കമല പട്ടത്തിയാരും, രാമനും, രാജുവും, നൂറു ത്താത്തയും, ജോസഫും, ടെസ്സിയുമൊക്കെ ഉച്ചയൂണിന് ആ തറവാട്ടിൽ ഉണ്ടാകും അന്ന്. കൂട്ടത്തിൽ ഞാനും.

ജീവിത സ്വപ്‌നങ്ങൾ കീഴടക്കാനുള്ള ചേക്കേറലുകൾക്കിടയിൽ മനസ്സറിയാതെ ഇന്നും ആഗ്രഹിക്കുന്ന ഒരു പിടി നനുത്ത ഓർമ്മകളാണ് ഇവയോരോന്നും. പെരുന്നാൾ എന്ന് കേൾക്കുമ്പോൾ തന്നെ തീൻമേശയിൽ ഇടം പിടിക്കുന്ന ബിരിയാണി വിഭവങ്ങൾക്കും കടകളിൽ നിന്ന് വാങ്ങി നിരത്തുന്ന പലഹാരങ്ങൾക്കുമിടയിൽ അന്നത്തെ ആ തേങ്ങാച്ചോറിന്റെയും കുരുമുളകിൽ തേങ്ങാകൊത്തും കുഞ്ഞുള്ളിയുമൊക്കെയിട്ട് വെളിച്ചെണ്ണയിൽ ഉരുളിയിൽ വഴറ്റിയെടുത്ത ആ ബീഫിന്റെ രുചി തേടാറുള്ള ഒരു മനസ്സുണ്ട്, ഒത്തിരി കളികളും ചിരികളും നിറഞ്ഞ ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു ബാല്യത്തെ സ്നേഹിക്കുന്ന ഒരു മനസ്സ്...

Comments


©2018 by Malayali Muslim Association of Canada (MMAC)

bottom of page