കുട്ടിക്കാലമാണ് നല്ല നിറമുള്ള ഓർമകളുടെ കലവറ ആവേണ്ടത്...അല്ലേ...😊 എന്റെ കുട്ടിക്കാലത്തെ ഓർമകളെല്ലാം തന്നേ നിറമുള്ളതാണെന്ന് പറയാൻ പറ്റില്ലെങ്കിലും, ഉള്ളതിൽ പ്രധാനം വല്ലിംച്ചിയുടെ കൂടെയും പിന്നാലെയും ഒക്കെ നടന്നു കിട്ടിയതാ.....❤️
ഉമ്മാടെ ഉമ്മയാണ്... വല്ലിമ്മ, വല്ലിമ്മച്ചി എന്നുള്ള വിളികളിൽ നിന്നൊക്കെ മാറി ഞങ്ങൾ വിളിച്ചിരുന്നത് വല്ലിംച്ചി എന്നാണ്... ഗൾഫിൽ നിന്ന് നാലര വയസ്സിലാണ് വല്ലിംച്ചിയുടെ അടുത്തെത്തുന്നത്. ഉപ്പയും ഉമ്മയും അടുത്തില്ലാതെ നിൽക്കുന്നത് കൊണ്ട് തന്നേ വല്ലിംച്ചി എന്ത് ചെയ്യുമ്പോഴും പിന്നാലെ നടക്കലായിരുന്നു സ്ഥിരം പരിപാടി.
ശക്തമായ, എന്നാൽ അതിനൊപ്പം തന്നേ ഹൃദയനൈർമല്യം ഉള്ളൊരു വ്യക്തിത്വം ആയിരുന്നു. പങ്കുവെക്കലിന്റെ സുഖവും, സന്തോഷവും ഞാൻ പഠിച്ചത് വല്ലിംച്ചിയുടെ അടുത്ത് നിന്നാണ്.
എല്ലാ നോമ്പിനും തൃശൂർ ടൗണിലെ വീട്ടിൽ നിന്ന് ചേലക്കരയിലെ തറവാട്ടിലേക്ക് ഒരു പോക്കുണ്ട്. വല്ലിംച്ചിയുടെ സ്പെഷ്യൽ ജീരകക്കഞ്ഞി വെച്ച് ചുറ്റുവട്ടത്തുള്ള എല്ലാവർക്കും കൊടുക്കാനാണ് ഈ യാത്ര.
അന്നത്തെ വൈകുന്നേരം ചുറ്റോടുചുറ്റും ഉളള എല്ലാവരും വരുമായിരുന്നു... കഞ്ഞി കുടിക്കാനായിട്ടു എത്തുന്നത് പക്ഷെ ഒത്തുകൂടലിന്റെ ഒരു വല്ലാത്ത സന്തോഷമാണ് തന്നിരുന്നത്. ഒരു നാട്ടിലെ മനുഷ്യരെല്ലാം ഒത്തുകൂടി, സൊറ പറഞ്ഞ്, കഞ്ഞിയും കുടിച്ച്, ചിരിച്ചും, ചിരിപ്പിച്ചും........ ആ നിമിഷങ്ങൾ..... എനിക്കതൊരു വളരേ നേർത്ത ഓർമയാണെങ്കിലും, ഇന്നാലോചിക്കുമ്പോൾ ആ ഒത്തുകൂടൽ എത്ര വിലമതിക്കാനാവാത്ത അനുഭവമാണെന്ന് ശരിക്കും ആലോചിച്ചുപോവാറുണ്ട്.....
മനുഷ്യബന്ധങ്ങൾ, ഹൃദയബന്ധങ്ങൾ - അതു തന്നെയല്ലേ ഈ ഭൂമിയിൽ കിട്ടാവുന്നതിൽ വെച്ചേറ്റവും മൂല്ല്യമുള്ള സമ്പാദ്യം?! വല്ലിംച്ചിയുടെ ജീരകക്കഞ്ഞി സായാഹ്നങ്ങൾ എനിക്ക് പകർന്നു തന്ന ഓർമയും, പാഠവും അതാണ്..... അത് തന്നെയാണ്........💝
Comments