സെബ്രീന അഷ്‌റഫ് എഴുതുന്ന ആത്മീയ കവിത
വിശ്വശിൽപി, നീയൊരുക്കും വിസ്‌മയം, വിസ്തരിച്ചീടുവാൻ വാക്കുകളില്ല. വലംകൈയ്യിൽ തരുമോ ഗ്രന്ഥം, വിസ്തൃതമായൊരു പൂന്തോട്ടത്തിൽ, വലത്കാൽ വെച്ച് കടന്നിടാൻ.
വൃക്ഷലതാദികൾ തണൽമുറ്റിയതോട്ടത്തിൽ, വിഹരിക്കാം മനസ്സ് കൊതിചിടമെല്ലാം. വറ്റിടാത്ത നറുതേനരുവികൾ, വേറെയുമുണ്ട് സല്സബീലും, കൗസറും.
വർണ്ണിച്ചിടാൻ പറ്റില്ല മണിമാളികകൾ വെള്ളിപ്പാത്രവും, വെള്ളിക്കോപ്പയും. വിരിപ്പും മേൽക്കട്ടിയുമിട്ട രാജകീയ കട്ടിലുകൾ, വിതറിയിട്ട മുത്തുകൾ പോലെ ചുറ്റിടും സേവകർ.
വർണം പച്ചകട്ടിപ്പട്ടുകുപ്പായവും, വളകൾ കൈനിറയെ സ്വർണ്ണമുത്തുകളാൽ. വസന്ത വർണ്ണങ്ങൾ തീർത്ത തീരത്ത്, വിഷമങ്ങൾ തൊടാത്ത മനസ്സും.
വിസ്മയിച്ചു പോകും നാം, വിസ്മരിച്ചിടും മറ്റെല്ലാമെല്ലാം. വാനോളം സൽക്കർമ്മങ്ങൾ വാരിക്കൂട്ടി, വാഴ്ത്തിടാം ഞാനെൻ റബ്ബിനെ, വാഴിക്കുമോ എന്നെ നിൻ സ്വർഗ്ഗരാജ്യത്ത്.
Comments