top of page

പള്ളിക്കുളവും റൂഹാനിയും

  • Writer: Community Author
    Community Author
  • Apr 21, 2021
  • 2 min read

Updated: May 6, 2021


നോമ്പോർമകൾ കൂടുതലും മനസ്സിനോട് പറ്റിചേർന്ന് കിടക്കുന്നതു മദ്രസപഠന സമയം ആയി ബന്ധപ്പെട്ടാണ്.

പലതരം കുട്ടികൾ ആയിരുന്നു അന്ന് ഉണ്ടായിരുന്നത് ...ഇന്നും :)

ഉമിനീര് പോലും ഇറക്കാതെ കഠിന വ്രതത്തിലേക് ഇറങ്ങി ചെല്ലുന്ന മുതിർന്ന കുട്ടികൾ ,

ളുഹർ നമസ്കാരത്തിന് അംഗ ശുദ്ധി വരുത്തുമ്പോ ആരും അറിയാതെ രണ്ടിറക്കു കവിൾ കുടിച്ചു

തിക്കും പൊക്കും നോക്കുന്ന മറ്റു ചിലർ ,

പിന്നെ കാത്തിരിപ്പിന്റെ സുഖം അത് വേറെ തന്നെ എന്ന് പ്രഖ്യാപിച്ചു എന്തൊക്കെ വിഭവങ്ങൾ ഉണ്ടെന്നു കണക്കെടുക്കാനും , പഴങ്ങൾ അരിയാനും മറ്റും

വൈകുന്നേരം തന്നെ അടുക്കളയിൽ വട്ടമിട്ടു കറങ്ങുന്ന ചിലർ.....


നോമ്പ് കാലം കഴിഞ്ഞു പിന്നെയും ഉച്ചയൂണ് കൊണ്ട് പോകുമ്പോൾ റൂട്ടീൻ മാറുന്നതിന്റെ ഒരു കൗതുകവും അനുഭവപ്പെട്ടിരുന്നു. മദ്രസയിൽ പോകുമ്പോ ഉച്ച സമയത്തു സാധാരണ കൂട്ടുകാരുടെ കൂടെ പോയി ഇരിക്കാറുള്ളത് ഒരു പള്ളിക്കുളത്തിനടുത്തായിരുന്നു , ചുറ്റിനും ഇരുന്നു ഉച്ചയൂണും കഴിച്ചു കുളത്തിൽ കയ്യും പാത്രവും കഴുകി പോരും എന്നിട്ടു ചെറിയ ഗ്രൗണ്ടിൽ കളിക്കും ...അതായിരുന്നു പതിവ്

"പാത്രം കഴുകാൻ ഞാമ്പോണ്" ശരീഫ് എഴുന്നേറ്റു പാതി വഴി നടന്നിട്ടു " അല്ലേൽ വേണ്ട .." .എന്ന് പറഞ്ഞു എന്റടുത്തു വന്നു ഇരുന്നു മെല്ലെ ശബ്ദം താഴ്ത്തി പറഞ്ഞു " പള്ളിക്കൊളത്തിൽ റൂഹാനി ഉണ്ട് "

എന്ത് റൂഹാനി ....?

"അത് എന്താ എന്നറിയില്ല ജിന്ന് പോലെ എന്തോ ആണ് ... പക്ഷെ ...മഴവില്ലിന്റെ നെറാണ് ....വെള്ളത്തിൽ ഇങ്ങനെ ഒഴുകിപ്പരക്കും എന്നിട്ടു നമ്മൾ അതിലേക്കു ഒന്ന് നോക്കിപ്പോയാല് പിന്നെ കണ്ണെടുക്കാനേ പറ്റില്ല ..

അതിങ്ങനെ നമ്മൾ ചുറ്റി ചുറ്റി മയക്കി ...പതുക്കെ പതുക്കെ കാലിന്റെ കുഞ്ഞു വിരലിൽ തൊടും"

കുഞ്ഞു സക്കീന തട്ടം ഒതുക്കി കാതു കൂർപ്പിച്ചു

"എന്നിട്ടോ ഷെരീഫേ ?"

"എന്നിട്ടെന്താ ...അത് നമ്മുടെ കാലുമ്മേ പിടിച്ചു ഒറ്റ വലിയാ വെള്ളത്തിലേക്ക് "

"ഉയ്യോ .....നമുക്കു ഒരുമിച്ചു പോകാർന്നു" അവൾ പേടിച്ചു കണ്ണടച്ചു..

മുട്ടതോരനും തേങ്ങാചമ്മന്തീം ഇളക്കി ചോറ് ഉരുളയാക്കി കഴിക്കുമ്പോഴും മനസ്സിൽ കുഞ്ഞു പേടി മുള പൊട്ടിയിരുന്നു . കുളത്തിൽ പാത്രം കഴുകാൻ കുനിഞ്ഞപ്പോഴേക്കും അതിരട്ടിയായി ...അപ്പോഴാണ് ആ കാഴ്ച കണ്ടത്

ഓളം വെട്ടുന്നതിനനുസരിച്ചു ഒരു മഴവില്ലിന്റെ രൂപം .. സൂക്ഷിച്ചു നോക്കിയപ്പോൾ അത് മെല്ലെ അടുത്തേയ്ക്കു വരുന്നുണ്ട് ....അത് പതുക്കെ വന്നു കാലിൽ തൊട്ടു ...കൂട്ടുകാരെ വിളിക്കാൻ ശ്രമിച്ചു പക്ഷെ ശബ്ദം പുറത്തേയ്ക്കു വരുന്നില്ല .... കാല് മെല്ലെ വെള്ളത്തിലേക്കു ആഴ്ന്നിറങ്ങാൻ തുടങ്ങിയത് ഒരുൾകിടിലത്തോടെ ഞാൻ മനസിലാക്കി.

പിന്നെ അറിയുന്നത് ബലിഷ്ടമായ കുറെ കൈകൾ എന്നെ പിടിച്ചുയർത്തുന്നതാണ് ...ഉസ്താദിനെ വിളിക്കാൻ മുതിർന്ന ക്ളാസ്സിലെ കുട്ടികൾ താഴേക്ക് ഓടി .... കല്ലിൽ തട്ടിയതാണെന്നു തോന്നുന്നു കാലിൽ ആകെ ചോരമയം ...അടുത്തുള്ള യൂക്കാലിപ്സ് മരത്തിൽ ചാരി ഇരുന്നു.

അന്ന് കളിയ്ക്കാൻ പോകാതെ ഗ്രൗണ്ടിന്റെ മൂലയ്ക്ക് കാലും തടവി ഇരുന്നപ്പോ , സക്കീനയും ഷെരീഫും അടുത്ത് വന്നിരുന്നു.അവൾ കണ്ണിൽ വെള്ളം നിറച്ചു കരയാൻ ഭാവത്തിനു ഇരിക്കുന്നു.

"ഒരു പാട് വേദനയുണ്ടോ ? ..അവൾ ചോദിച്ചു.

ഞാൻ ഇല്ലെന്നു തലയാട്ടി.

ഞാൻ ഒരു സത്യം പറയട്ടെ ? വീട്ടില് പറയുവോ

ഇല്ല ...

ഉസ്താദിനോടൊ ?

ഇല്ല ...

നമ്മള് മൂന്നും അറിയാൻപാടുള്ളൂ ....

എന്റെ ക്ഷമ നശിച്ചു തുടങ്ങി ..നീ… പറ….

" നിന്നെ റൂഹാനി പിടിച്ചതല്ല ..ഞാൻ ചെറുതായി തമാശക്ക് തള്ളിയതാ ...അപ്പൊ നീ വെള്ളത്തീപ്പോയ്"

ഞാൻ ചെറുതായി അമ്പരന്നു “അപ്പൊ മഴവില്ല് ...”

“ആ ആർക്കറിയാം ….അത് നീയല്ലേ കണ്ടേ ....”

കൗതുകം കൂടീട്ട് ക്ലാസ് തുടങ്ങുന്നേനു മുമ്പ് മൂന്ന് പേരും ഒന്ന് കൂടി കുളത്തിൽ പോയ് നോക്കി

ഷെരീഫാണ് അത് കണ്ടു പിടിച്ചത് ...ദേടാ ..പിന്നേം മഴവില്ലു!!

നമ്മൾ എല്ലാവരും കണ്ടു ... മഴവില്ലു ഉണ്ട് ....കുളത്തിൽ വെച്ചിരിക്കുന്ന മോട്ടോറിന്റെ ഓയിൽ ഇങ്ങനെ വെളളത്തിലേയ്ക്ക് ചെറുതായ് ഒഴുകിപ്പരക്കുന്നു ..മഴവില്ലു നിറത്തിൽ ...പരന്നു പരന്നു .....

ക്ലാസ് നടക്കുമ്പോ ..ഉച്ചസമയത്തെ കഥ പൊടിപ്പും തൊങ്ങലും വെച്ച് ക്ലാസ്സിൽ പലരും അവതരിപ്പിക്കുമ്പോ

ഞങ്ങൾ പരസ്പരം നോക്കി ..ചിരിച്ചു ....🙂


Bình luận


©2018 by Malayali Muslim Association of Canada (MMAC)

bottom of page