top of page

നോമ്പോർമ്മകളുടെ കാരയ്ക്കാ മധുരം

Fathima Mubeen


ത്യാഗത്തിന്റെയും നന്മയുടെയും നിലാവ് പരത്തി പുണ്യ റമദാന്‍ എത്തുകയായി.. വിസ്മൃതിയില്‍ മറയാതെ ഇന്നും മധുരം കിനിയുന്ന ഓര്‍മകളുമായി കുട്ടിക്കാലത്തെ നോമ്പ് കാലം. മത്സരിച്ചു നോമ്പ്‌ നോല്‍ക്കുകയും, ഇടയ്ക്കു കളവ്‌ കാട്ടുകയും ചെയ്യുന്ന കുസൃതിത്തരങ്ങള്‍.....


ശഹബാന്‍ പിറന്നാല്‍ തൊപ്പികുടയും പിടിച്ച് കുട്ട്യാള്‍ പടികടന്നു വരും. നോമ്പിന് മുന്നോടിയായി ഉമ്മയെ സഹായിക്കാനാണ് വരവ്. "ഇക്ക് നേരല്യ" എന്ന് പറഞ്ഞു കൊണ്ടാണ് വരുന്നത് തന്നെ. തോപ്പികുട നിലത്ത് വെച്ച് നേരെ അടുക്കളയിലെക്ക് പോകും. പിന്നെ ആ കുട ഞങ്ങളുടെ കൈയിലാണ്. നോമ്പിനുള്ള അരിയും പൊടിയും പൊടിച്ചു വറുത്തു വെക്കലാണ് കുട്ട്യാള്‍ കാര്യമായിട്ടു ചെയ്യുക. കുറെ ദിവസത്തെ പണിയാണ് ഉമ്മാക്കും അവര്‍ക്കും. അരി പൊടിച്ചു വറുത്തു വാവട്ടമുള്ള മണ്‍കലത്തില്‍ ആക്കി തുണി കൊണ്ട് കെട്ടി ഭദ്രമാക്കും. കുട്ട്യാള്‍ ചെയ്താലേ ഉമ്മാക്ക് തൃപ്തി വരൂ. എപ്പോഴും ആ പൊടിയുടെ പോരിശ ഉമ്മ പറയുമായിരുന്നു.


അരിപൊടി കൂടാതെ മുളക്, മല്ലി, എന്നിവ കഴുകി ഉണക്കി പൊടിച്ചു വെക്കും. ഒരു മാസത്തിനുള്ളത് പത്തായത്തില്‍ ഒരുങ്ങിയിട്ടുണ്ടാകും. പിന്നെയാണ് "നനച്ചുള്ളി" വീട് മുഴുവന്‍ അരിച്ചു പെറുക്കി കഴുകി വൃത്തിയാക്കും. മേശയും കസേരയും, അടുക്കളയിലെ പലകകളും എല്ലാം തെച്ചുരച്ചു വെളുപ്പിച്ചു വെക്കും. കുട്ടികളായ ഞങ്ങളും ഈ കഴുകലില്‍ പങ്കാളികളാവും. കഴുകി വെളുപ്പിക്കുക എന്നതിനേക്കാള്‍ വെളളത്തില്‍ കളിക്കാന്‍ കിട്ടുന്ന അവസരം മുതലാക്കുകയായിരുന്നു ഞങ്ങള്‍...,. ഒടുവില്‍ പുണ്യമാസമായ റമദാനെ വൃത്തിയോടും വെടിപ്പോടും കൂടെ വരവേല്‍ക്കാന്‍ വീട് ഒരുങ്ങും..


റമദാനില്‍ സുബഹി ബാങ്ക് കൊടുക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായി ഉപ്പ ഞങ്ങളെ വിളിച്ചുണര്‍ത്തും. പാലക്കാടുള്ള ഉമ്മാന്റെ വീട്ടിലൊക്കെ പണ്ട് പള്ളിയില്‍ നിന്ന് കുട്ടികള്‍ അറവനയില്‍ മുട്ടി വീടുകള്‍ തോറും കയറി ഇറങ്ങുമായിരുന്നു. അത് കാണാന്‍ പാതി തുറന്ന കണ്ണുകളോടെ ഞങ്ങള്‍ വീടിന്റെ ഉമ്മറത്ത്‌ നില്‍ക്കും. പിന്നീട് എപ്പോഴോ ഈ കാഴ്ചയും ഓര്‍മ്മയില്‍ മാത്രമായി.....പുലര്‍ച്ചേ കുട്ടികളെ നിര്‍ബന്ധിച്ചു ചോറ് കഴിപ്പിക്കും. നോമ്പ് നോല്‍ക്കാന്‍ ശക്തി കിട്ടുമെന്നാണു ഉമ്മ പറയുക. ചോറിനൊപ്പം കഞ്ഞി വെളളത്തില്‍ ചെറിയ ഉള്ളി ഇട്ടു താളിച്ച കുമ്പളങ്ങ കറിയും, പപ്പടവും, ഉണക്ക മീന്‍ പൊരിച്ചതോ ഉണ്ടാവും. പക്ഷേ വെല്ലിമ്മ ചോറില്‍ ചെറു പഴം കുഴച്ചാണ് കഴിക്കുക. അത്താഴം കഴിഞ്ഞു ഞങ്ങളെ ചുറ്റും ഇരുത്തി നോമ്പിന്റെ നിയ്യത്ത് ചൊല്ലി തരുന്നത് ഉപ്പയാണ്. വീട്ടിലെ മുതിര്‍ന്നവര്‍ നിസ്ക്കാരം കഴിഞ്ഞാല്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ഞങ്ങള്‍ തുറന്നു വെച്ച പുസ്തകത്തിന്‌ മുന്നില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ടാകും.


നോമ്പിന് പകല്‍ വീട്ടില്‍ വല്യ പണിയൊന്നും ഉണ്ടാവില്ല. അസറു നമസ്ക്കാരത്തിന് ശേഷം അടുക്കള സജീവമാകും. നോമ്പ് മുപ്പതു ദിവസവും വീട്ടില്‍ പത്തിരിയാണ്. വല്ലപ്പോഴും പുട്ട് ഒരു വിരുന്നുകാരനെ പോലെ ഞങ്ങള്‍ക്ക് മുന്നില്‍ എത്തും. പത്തിരിക്കുള്ള പൊടി വാട്ടലും കുഴക്കലും, കനം കുറച്ച് പരത്തലും. അതൊരു മേളമാണ്... വേവ് കുറഞ്ഞാലും, ചൂടോടെ കുഴച്ചില്ലെങ്കിലും പത്തിരി ബലം വെക്കും എന്നൊക്കെയുള്ള അറിവുകൾ സ്വന്തമായി പത്തിരി പണി ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഞാൻ പഠിച്ചത്. ഉമ്മ ചെറു വട്ടത്തില്‍ കനംകുറഞ്ഞ പത്തിരി പരത്തി അടുക്കി വെക്കുന്നത് കാണാന്‍ തന്നെ ശേലാണ്. അടുപ്പിലാണ് പത്തിരി ചുടുന്നത്. തീരെ എണ്ണ മയമില്ലാതെ രണ്ടു ഭാഗവും നന്നായി വേവിച്ചു പൊളിച്ചു എടുക്കും. എന്നിട്ട് ചൂടാറിയാല്‍ പുത്തന്‍ ചട്ടിയില്‍ ഇട്ടു വെക്കും. പത്തിരിക്ക് കൂട്ടാന്‍ പരിപ്പ്, വന്‍പയര്‍ എന്നിവ തെങ്ങ ചേര്‍ത്ത് കറി വെക്കും. ഇന്നത്തെ പോലെ എന്നും ഇറച്ചി കറി വേണമെന്ന് ആര്‍ക്കും നിര്‍ബന്ധമില്ലയിരുന്നു. ചില ദിവസങ്ങളില്‍ വറുത്തരച്ച മീന്‍ കറിയും ഉണ്ടാകും. പത്തിരി കൂടാതെ റവ കൊണ്ടുള്ള തരി കഞ്ഞിയും, നാരങ്ങാവെള്ളവും, ജീരകകഞ്ഞിയുമാണ് മറ്റു പ്രധാന വിഭവങ്ങള്‍.!


വൈകുന്നേരം കുളിച്ച്‌ അംഗശുദ്ധി വരുത്തി ബാങ്കിനു ചെവി കൂര്‍പ്പിച്ചു അച്ചടക്കത്തോടെ ഞങ്ങള്‍ അടുക്കള കോലായില്‍ ഇരിക്കും. മഗിരിബി ബാങ്ക് വിളിച്ചാല്‍ കാരക്കയുടെ കഷണവും, ഒരു ഗ്ലാസ്‌ വെള്ളവും കൊണ്ട് നോമ്പ് മുറിക്കും. പിന്നെയാണ് തരി കഞ്ഞിയുടെ വരവ്. അത് കുടിച്ചു കഴിഞ്ഞു നിസ്കരിച്ചു വന്നിട്ടാണ് പത്തിരിയും ചായയും. രാത്രി നമസ്കാരം കഴിഞ്ഞാല്‍ ജീരകകഞ്ഞി റെഡിയായി.. ജീരകകഞ്ഞിക്ക് കൂട്ടാന്‍ വാഴക്ക ഉടച്ചു വെച്ചതും ഉണ്ടാകും. ജ്യൂസുകളുടെയും, പലഹാരങ്ങളുടെയും, മറ്റു വിഭവങ്ങളുടെയും പൊലിമയേക്കാള്‍ എത്രയോ സമ്പുഷ്ടമായിരുന്നു ആ നോമ്പ് തുറ...


പ്രവാസിയായി ഗള്‍ഫില്‍ എത്തിയപ്പോള്‍ നോമ്പിന്‍റെ ചിത്രം തന്നെ മാറുകയായിരുന്നു. നാടും നഗരവും ഒരുപോലെ പുണ്യമാസത്തിന്‍റെ മാസ്മരികതയില്‍ ലയിക്കുന്നു. പരിശുദ്ധ ഹറമിലെ നോമ്പ് തുറയും, ഈത്തപ്പഴത്തിന്‍റെ മണമുള്ള റമദാനിലെ ഇഴയുന്ന പകലുകള്‍ക്ക് പകരം സജീവമാകുന്ന രാത്രികളും മറക്കാന്‍ ആവാത്തതാണ്. മുപ്പതു ദിവസവും ചെറുതും വലുതുമായ എല്ലാ കടകളിലും തിരക്കാണ്. ജോലി സമയത്തിലെ ഇളവു കൂടാതെ റമദാന്‍ ഇരുപതു മുതല്‍ അവധിക്കാലം തുടങ്ങുന്ന സ്കൂളുകളും സര്‍ക്കാര്‍ ഓഫീസുകളും... അവിടെ റമദാന്‍ രാവുകൾ ഭക്തിയുടെ ആഘോഷമായിരുന്നു! എന്നാൽ കാനഡയിൽ ജോലി സമയത്തില്‍ മാറ്റമോ, മറ്റു പരിഗണനകളോ ലഭിക്കില്ല. നീണ്ട പകലിനൊടുവില്‍ നോമ്പ് തുറക്കുമ്പോള്‍ റമദാന്‍ ഇവിടെ യഥാര്‍ത്ഥത്തില്‍ സഹനത്തിന്റെ പ്രതീകം തന്നെയാണ്.

Comments


©2018 by Malayali Muslim Association of Canada (MMAC)

bottom of page